Latest News

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു; ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാര്‍

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു; ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാര്‍
X

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദിലീപിനെ വെറുതെ വിട്ടു. ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാര്‍ എന്ന് കോടതി. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍ ബി, വിജീഷ് വി , വടിവാള്‍ സലിം എന്നിവരാണ് പ്രതികള്‍

കേസിലെ മുഖ്യസൂത്രധാരനായിരുന്നു ദിലീപെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയെ അവരുടെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാനും വീഡിയോ പകര്‍ത്താനും പള്‍സര്‍ സുനി അടക്കമുള്ളവരെ 1 കോടി രൂപയ്ക്ക് ''ക്വോട്ടേഷന്‍'' നല്‍കി ഏല്‍പ്പിച്ചുവെന്നായിരുന്നു ആരോപണം. ദിലീപിന് നടി കാവ്യ മാധവനുമായി അവിഹിത ബന്ധമുണ്ടെന്ന് യുവനടി ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ചു വാര്യരോട് പറഞ്ഞു എന്നതായിരുന്നുവത്രെ പകയ്ക്ക് കാരണം. 2016-ല്‍ ഇതേ കാര്യത്തില്‍ ദിലീപും മഞ്ചുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും മറ്റു ചിലരെ കാണിച്ചെന്നും ആരോപണം ഉയര്‍ന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് കണ്ടെത്തിയെന്നും പോലിസ് അവകാശപ്പെട്ടു. ജോലി കഴിഞ്ഞെന്നും പണം തരണമെന്നും ഈ കത്തില്‍ പറയുന്നുണ്ടത്രെ. എന്നാല്‍, ദിലീപ് ഇവയെല്ലാം നിഷേധിച്ചു. ''പോലീസും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് എന്നെ കുടുക്കി'' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കേസിന്റെ നാള്‍വഴികള്‍

2017 ഫെബ്രുവരി 17 - നടിക്ക് നേരെയുള്ള ആക്രമണം

2017 ഫെബ്രുവരി 22- ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയക്കുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മാധ്യമ കോലാഹങ്ങള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നവെന്നും കത്തില്‍ ദിലീപ് ആരോപിച്ചു.

2017 ജൂണ്‍ 26- സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു

2017 ജൂലൈ 10-ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ച് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. കേസില്‍ എട്ടാം പ്രതി

2017 ജൂലൈ 11- 85 ദിവസം ആലുവ സബ് ജയിലില്‍

2017 ഒക്ടോബര്‍ 3- ഹൈക്കോടതി ജാമ്യം അനുവദിച്ചു

2018 ജനുവരി 20- ''നിരപരാധിത്വം തെളിയിക്കാന്‍''നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോയുടെ കോപ്പി പരിശോധിക്കാന്‍ വേണമെന്ന് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കുന്നു (നിരസിക്കപ്പെടുന്നു)

2018 മാര്‍ച്ച് 8-ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കുമെതിരേ കുറ്റം ചുമത്തി

2020 ഡിസംബര്‍ 15-സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തില്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി സുപ്രിംകോടതി തള്ളുന്നു

2021 ഡിസംബര്‍ 25- ദിലീപ് ആക്രമണ ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറയുന്ന ഓഡിയോ ക്ലിപ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപണം. ദിലീപിനെതിരേ പുതിയ കേസ്.

2022 ജനുവരി 9-10-പുതിയ കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കാന്‍ ശ്രമം; 33 മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍

2024 നവംബര്‍-പ്രധാന സാക്ഷി ബാലചന്ദ്രകുമാര്‍ അന്തരിച്ചു.

2025 നവംബര്‍ 25-26- സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയാകുന്നു; വിധി 2025 ഡിസംബര്‍ 8-ലേക്ക് മാറ്റി.

2025 ഡിസംബര്‍ 6- താന്‍ ഇരയാണെന്ന് പ്രചരിപ്പിക്കാന്‍ ദിലീപ് വാട്ട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു

2025 ഡിസംബര്‍ 8- എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നു

2025 ഡിസംബര്‍ 8-എട്ടാം പ്രതിയായ ദിലീപിനെ കോടതി വിട്ടയക്കുന്നു.

Next Story

RELATED STORIES

Share it