Sub Lead

കേരളത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ജെഎന്‍യു സന്ദര്‍ശിച്ചു

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ ഐഷാ ഘോഷ് ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് ഇപ്പോഴും കള്ളക്കേസുകളില്‍ കുടുക്കി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വിസി ഉടന്‍ അധികാരം ഒഴിയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു

കേരളത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ജെഎന്‍യു സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം തുടരുന്ന ജെഎന്‍യുവില്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്, മുസ് ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബ്, യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അശ്‌റഫലി എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിമാര്‍ തുടങ്ങിയവരുമാണ് ജെഎന്‍യു സന്ദര്‍ശിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ ഐഷാ ഘോഷ് ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് ഇപ്പോഴും കള്ളക്കേസുകളില്‍ കുടുക്കി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വിസി ഉടന്‍ അധികാരം ഒഴിയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ് ജെഎന്‍യു. ഇവിടെ ഒഴുക്കിയ ഓരോ തുള്ളി ചോരയ്ക്കും കേന്ദ്രസര്‍ക്കാര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു.

സിഎഎ വിരുദ്ധ സമരങ്ങളുടെ മുന്നണിയിലുള്ള കലാലയത്തിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ അണയാത്ത പോരാട്ട വീര്യവുമായാണ് ഞങ്ങളെ സ്വീകരിച്ചതെന്നും സബര്‍മതി ഹോസ്റ്റലില്‍ ജെ.എന്‍.യു യൂണിയന്‍ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ്, യൂനിയന്‍ കൗണ്‍സിലര്‍ വിഷ്ണു പ്രസാദ്, സബര്‍മതി ഹോസ്റ്റല്‍ പ്രസിഡന്റ് മോണിക്ക തുടങ്ങിയവര്‍ ഞങ്ങളുടെ സംഘത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന ഈ കുട്ടികളുടെ ആര്‍ജ്ജവത്തോടെയുള്ള വാക്കുകള്‍ നമുക്കേവര്‍ക്കും പ്രചോദനമാണെന്നും രാജ്യമൊന്നാകെ അവര്‍ക്കൊപ്പമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.




Next Story

RELATED STORIES

Share it