Sub Lead

രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി കടകളും വാഹനങ്ങളും കത്തിച്ചു

രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റതിനെതുടര്‍ന്ന് പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.

രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി കടകളും വാഹനങ്ങളും കത്തിച്ചു
X

ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം. നിരവധി കടകളും വാഹനങ്ങളും അക്രമികള്‍ കത്തിച്ചു. ഞായറാഴ്ച വൈകീട്ടാണ് ബാരന്‍ ജില്ലയിലെ ചബ്ര പട്ടണത്തില്‍ ഇരു വിഭാഗവും ഏറ്റുമുട്ടലുണ്ടായത്. രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റതിനെതുടര്‍ന്ന് പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.

ഡസന്‍ കണക്കിന് വാഹനങ്ങളും കടകളും ജനക്കൂട്ടം കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും വടികളും ഇരുമ്പ് കമ്പികളും ആയുധങ്ങളുമായി ഇരു സമുദായങ്ങളിലെ അംഗങ്ങള്‍ രാത്രി വൈകിയും ആക്രമണം തുടര്‍ന്നതായാണ് റിപോര്‍ട്ട്. ഫയര്‍ എഞ്ചിന്‍ കത്തിച്ച അക്രമികള്‍ പോലിസിന്റെയും സര്‍ക്കാരിന്റേയും നിരവധി വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്.

സ്ഥിതി നിയന്ത്രണാധീതമാണെന്നും ജനക്കൂട്ടത്തിന്റെ അക്രമം തുടരുകയാണെന്നും തങ്ങള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചുവരികയാണെന്നും ബാരന്‍ പോലിസ് സൂപ്രണ്ട് വിനീത് ബന്‍സലിനെ ഉദ്ധരിച്ച് 'ടെലിഗ്രാഫ് ഇന്ത്യ' റിപോര്‍ട്ട് ചെയ്തു. ആളപായത്തെക്കുറിച്ചു അധികൃതര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അധിക സേനയെ വിളിച്ചിട്ടുണ്ടെന്നും കോട്ട റേഞ്ച് ഡിഐജി രവി ഗൂര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തിയെന്നും അധികൃതര്‍ അറിയിച്ചു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച വൈകീട്ട് ധര്‍ണവാഡ സര്‍ക്കിളില്‍ മറ്റൊരു സമുദായത്തില്‍പെട്ട നാലോളം യുവാക്കളുമായി ഗുജാര്‍ സമുദായത്തിലെ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കമല്‍ ഗുര്‍ജര്‍ (32) ധക്കാദ് (21) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരിക്കേറ്റവരുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും കുടുംബങ്ങള്‍ ശനിയാഴ്ച രാത്രി ധര്‍ണവാഡ സര്‍ക്കിളില്‍ ധര്‍ണ നടത്തി. പ്രതികളായ മൂന്നുപേരെ ശനിയാഴ്ച രാത്രി പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഞായറാഴ്ച രാവിലെ സംഘം പ്രതിഷേധം പുനരാരംഭിക്കുകയും കടകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

അലിഗഞ്ചിലെയും അജാജ് നഗറിലെയും കടകള്‍ അടയ്ക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ട് ഒരു സംഘം മാര്‍ക്കറ്റുകളിലെത്തി ബഹളംവച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.താമസിയാതെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

ധര്‍നവാഡ സര്‍ക്കിള്‍, സ്‌റ്റേഷന്‍ റോഡ്, അജാജ് നഗര്‍, അലിഗഞ്ച് എന്നിവിടങ്ങളിലെ 10-12 ഓളം കടകള്‍ക്ക് തീയിട്ടു. സ്വകാര്യ പാസഞ്ചര്‍ ബസ്, കാറുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഫയര്‍ എഞ്ചിനും കത്തിച്ചു.ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ചബ്ര പട്ടണത്തിലെ മുനിസിപ്പല്‍ പരിധിക്കുള്ളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബാരന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.ഏപ്രില്‍ 13ന് വൈകീട്ട് 4 മണി വരെ ജില്ലയില്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it