Top

ബാബരി കേസ്: യുപി ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

അതേസമയം, ചീഫ് ജസ്റ്റിസിന്റെ നടപടി അഭൂതപൂര്‍വമാണെന്നും ആഭ്യന്തര മന്ത്രാലയം വഴിയാണ് ഇടപെടേണ്ടതെന്നും മുന്‍ ജഡ്ജിമാരും നിയമ വിദഗ്ധരും വിമര്‍ശിച്ചു

ബാബരി കേസ്: യുപി ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബാബരി കേസില്‍ വിധി പുറപ്പെടുവിക്കാനിരിക്കെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും സാഹചര്യങ്ങള്‍ വിലയിരുത്തി. ഡല്‍ഹിയിലെ ചീഫി ജസ്റ്റിസിന്റെ ഓഫിസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ ഇരുവരെയും നേരിട്ടു വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, യുപി പോലിസ് മേധാവി ഓംപ്രകാശ് സിങ് എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്കെത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ബാബരി കേസുമായി ബന്ധപ്പെട്ടാണ് അടിയന്തിര കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സുരക്ഷാ മുന്നൊരുക്കങ്ങളും മറ്റുമാണ് ചീഫ് ജസ്റ്റിസ് ചോദിച്ചറിഞ്ഞതെന്നാണു സൂചന. ബാബരി കേസില്‍ ദിവസങ്ങള്‍ക്കകം വിധി പുറപ്പെടുവിക്കുമെന്നതിനാല്‍ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ മാത്രം നാലായിരത്തിലേറെ അര്‍ധസൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ക്രസമസാമാധാന നില ഉറപ്പുവരുത്താന്‍ ജില്ലയില്‍ ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസും സുരക്ഷാസേനയും പഴുതടച്ച സുരക്ഷയൊരുക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലക്‌നോവിലും അയോധ്യയിലുമായി രണ്ട് ഹെലികോപ്റ്ററുകള്‍ സജ്ജീകരിച്ചകായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത സിവില്‍, പോലിസ് ഉദ്യോഗസ്ഥര്‍, കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുമായി രാത്രി വൈകി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ആദിത്യനാഥ് ഇക്കാര്യം അറിയിച്ചിരുന്നത്.

ഡ്രോണ്‍ കാമറകള്‍ ഉള്‍പ്പെടെയുള്ള ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. സംസ്ഥാന പോലിസ്, കേന്ദ്ര സേന, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവയെല്ലാം കൂടി 17,000ത്തോളം സുരക്ഷാസേനാംഗങ്ങളാണ് അയോധ്യയിലുള്ളത്. വിധി എന്തുതന്നെയായാലും ആഘോഷങ്ങളോ പ്രതിഷേധമോ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സാമൂഹികമാധ്യമങ്ങളില്‍ മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ ഇടുന്നത് വിലക്കിക്കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝാ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലെ നിരീക്ഷണത്തിന് 17000ത്തോളം ഡിജിറ്റല്‍ വോളന്റിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചീഫ് ജസ്റ്റിസിന്റെ നടപടി അഭൂതപൂര്‍വമാണെന്നും ആഭ്യന്തര മന്ത്രാലയം വഴിയാണ് ഇടപെടേണ്ടതെന്നും മുന്‍ ജഡ്ജിമാരും നിയമ വിദഗ്ധരും വിമര്‍ശിച്ചു. ജുഡീഷ്യറി പരിധി ലംഘിച്ചെന്ന് ഡല്‍ഹി കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് എന്‍ ധിന്‍ഗ്ര പറഞ്ഞു. പാര്‍ലിമെന്റ് ആക്രമണം ഉള്‍പ്പെടെ നിരവധി പ്രമാദമായ കേസുകളില്‍ വിധി പറഞ്ഞ ജഡ്ജിയാണ് എസ് എന്‍ ധിന്‍ഗ്ര. ചില സമയങ്ങളില്‍ ജഡ്ജിമാര്‍ എക്‌സിക്യൂട്ടീവിനോട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെടാറുണ്ട്. പ്രത്യേകിച്ചും വിധിക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ഭയപ്പെടുമ്പോള്‍. എന്നാല്‍ ആശയവിനിമയ രീതി ആഭ്യന്തര മന്ത്രാലയമായിരിക്കണം. ദിനംപ്രതി വാര്‍ത്തകള്‍ വരുന്നതോടെ സര്‍ക്കാരുകള്‍ സ്വയം ബോധവാന്‍മാരാവും. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചപ്പോള്‍ മുന്‍കരുതലുകളെടുത്തിരുന്നു. ജുഡീഷ്യറിയല്ല, എക്‌സിക്യൂട്ടീവിനെയാണ് അതിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലൂടെ ചീഫ് ജസ്റ്റിസ് ജുഡീഷ്യറിയുടെ പരിധി മറികടന്നു. ഇത് തീര്‍ച്ചയായും അഭൂതപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ വിധിക്ക് മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി യോഗം വിളിച്ചത് ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പ്രഭാത് ചന്ദ്ര അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികള്‍ വിധി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുമെന്നും ക്രമസമാധാനം പരിപാലിക്കുകയെന്നത് എക്‌സിക്യൂട്ടീവിന്റെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെന്നും ന്യായാധിപന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടെന്നും സുപ്രിംകോടതി മുന്‍ വനിതാ ജഡ്ജി പറഞ്ഞു. ന്യായാധിപന്മാര്‍ ഇക്കാര്യത്തില്‍ അമിതമായി ശ്രദ്ധിക്കേണ്ടതുണ്ടോ. ശബരിമല നോക്കൂ. ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചു. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കാമെന്നത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും അവര്‍ പറഞ്ഞു.Next Story

RELATED STORIES

Share it