Sub Lead

പ്രതിരോധ ചെലവ് 7.1% ഉയര്‍ത്തി ചൈന; ഇന്ത്യയുടെ മൂന്നിരട്ടി, വിശദാംശങ്ങള്‍ ഇങ്ങനെ

ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടി വരും. 2022ല്‍ ചൈനീസ് ജിഡിപി വളര്‍ച്ച 5.5 ശതമാനം മാത്രമായിരിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഈ നീക്കം. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.

പ്രതിരോധ ചെലവ് 7.1% ഉയര്‍ത്തി ചൈന; ഇന്ത്യയുടെ മൂന്നിരട്ടി, വിശദാംശങ്ങള്‍ ഇങ്ങനെ
X

ബെയ്ജിങ്: രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് 7.1 ശതമാനം വര്‍ധിപ്പിച്ച് ചൈന. 17.57 ലക്ഷം കോടി രൂപയാണ് (230 ബില്യണ്‍ യുഎസ് ഡോളര്‍) പ്രതിരോധ മേഖലയ്ക്കായി ചൈന മാറ്റിവെച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടി വരും. 2022ല്‍ ചൈനീസ് ജിഡിപി വളര്‍ച്ച 5.5 ശതമാനം മാത്രമായിരിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഈ നീക്കം. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.

കൊവിഡ് 19ന്റെ പ്രാരംഭ ആഘാതത്തിന് ശേഷം ചൈനീസ് സമ്പദ്‌വ്യവസ്ഥ വീണ്ടും വളര്‍ച്ച കൈവരിച്ചെങ്കിലും ജിഡിപിയുടെ 25 ശതമാനത്തോളം വരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഉയര്‍ന്ന കടബാധ്യത, 2021 അവസാനത്തോടെ സമ്പദ് വ്യവസ്ഥയുടെ വേഗത നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു.

തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷമായ ചൈന പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുന്നത്. ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രതിരോധമേഖലയിലെ ധനവിനിയോഗം വര്‍ധിപ്പിക്കുകയാണ്. ഈ വര്‍ഷത്തെ ചെലവ് യഥാക്രമം 2021, 2020 വര്‍ഷങ്ങളിലെ 6.8, 6.6 ശതമാനം വര്‍ദ്ധനവിന് മുകളിലാണ്.

വിമാനവാഹിനിക്കപ്പലിനും സ്‌റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റുകള്‍ക്കുമായി ചൈന നിരവധി അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന ഒരു വന്‍ സൈനിക നവീകരണ പരിപാടിയുടെ മധ്യത്തിലാണ് പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്.

അതേസമയം, 5,25,166 കോടി രൂപ (70 ബില്യണ്‍) മാത്രമാണ് ഇന്ത്യ പ്രതിരോധ മേഖലയില്‍ ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,02,884 കോടി രൂപ മാത്രമാണ് ഇന്ത്യ പ്രതിരോധ മേഖലയ്ക്കുവേണ്ടി നീക്കിവെച്ചത്. 4.4 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കുറി വരുത്തിയിട്ടുള്ളത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനു പിന്നാലെ ജര്‍മനി തങ്ങളുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയും പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചത്. 2021ല്‍ 6.8 ശതമാനം വര്‍ദ്ധനവാണ് ചൈന വരുത്തിയത്. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് പ്രതിരോധ മേഖലയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന രാജ്യമാണ് ചൈന.

പ്രതിരോധ ബജറ്റിനു പുറമേ ആഭ്യന്തര സുരക്ഷയ്ക്കു വേണ്ടിയും ചൈന പണം ചെലവഴിക്കുന്നുണ്ട്. പ്രതിരോധ മേഖലയ്ക്കു വേണ്ടി അനുവദിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇതിനായി മാറ്റിവെക്കുന്നത്. 2012ല്‍ അധികാരമേറ്റതിനു ശേഷം സൈനിക ശക്തി വര്‍ധിപ്പിക്കുന്നതില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. പ്രതിരോധ മേഖലയ്ക്ക് ഉയര്‍ന്ന തുക അനുവദിക്കുന്നതും ഇതിന്റെ ഭാഗമായാണ്.


Next Story

RELATED STORIES

Share it