Sub Lead

സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിവരം ശേഖരിച്ചു നല്‍കാന്‍ കേന്ദ്രനിര്‍ദേശം

സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിവരം ശേഖരിച്ചു നല്‍കാന്‍ കേന്ദ്രനിര്‍ദേശം
X

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ അധ്യാപകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും 56 ഇന വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള യുഡൈസ് പ്ലസ് എന്ന വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം. ആധാര്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍, മതം, ജാതി, സാമ്പത്തികാവസ്ഥ തുടങ്ങിയ 56 കാര്യങ്ങളാണ് ശേഖരിക്കേണ്ടത്. 2022-23 വിദ്യാഭ്യാസ വര്‍ഷം പഠനം പൂര്‍ത്തിയാക്കി പുറത്തുപോയവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളും ശേഖരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ അടിയന്തരമായി ശേഖരിച്ച് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ഹയര്‍സെക്കന്‍ഡറി ഓഫിസര്‍മാര്‍ എന്നിവര്‍ വഴി സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഗസ്ത് 31നു മുമ്പ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശം നല്‍കിയതെങ്കിലും സപ്തംബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഇക്കാര്യം കാണിച്ച് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുഖേന പ്രധാനധ്യാപകര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത്തരമൊരു വിവരശേഖരണം സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. 500 മുതല്‍ 2000 വരെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ എങ്ങനെയാണ് ഇത്തരമൊരു ബൃഹത്തായ സര്‍വേ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നാണ് അധ്യാപകരുടെ ചോദ്യം. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യക്തിഗത വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് അധ്യാപക സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ സര്‍വശിക്ഷാ കേരളയുടെ(എസ്എസ്‌കെ) ഭാഗമായി 20 ഇനം വിവരങ്ങള്‍ ശേഖരിച്ച് അപ് ലോഡ് ചെയ്തിരുന്നു. ഇത് കേന്ദ്രമന്ത്രാലയത്തിനും കൈമാറിയിരുന്നു. അതിനു പുറമെയാണ് വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it