Sub Lead

കൊല്‍ക്കത്ത പോലിസ് മേധാവിയെ സിബിഐ ചോദ്യം ചെയ്തു

മേഘാലയ തലസ്ഥാനമായ ഷില്ലോങിലെ അതീവ സുരക്ഷയുള്ള സിബിഐ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.

കൊല്‍ക്കത്ത പോലിസ് മേധാവിയെ സിബിഐ ചോദ്യം ചെയ്തു
X

ഷില്ലോങ്: ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത സിറ്റി പോലിസ് മേധാവിയെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മേഘാലയ തലസ്ഥാനമായ ഷില്ലോങിലെ അതീവ സുരക്ഷയുള്ള സിബിഐ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബിശ്വജിത്ത് ദേബ്, മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാരായ ജാവേദ് ഷമീം, മുരളീധര്‍ ശര്‍മ എന്നിവര്‍ രാവിലെ 11 മണിയോടെയാണ് സിബിഐ ഓഫിസിലെത്തിയത്. അഭിഭാഷകനും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അരമണിക്കൂറിനകം സിബിഐ ഓഫിസ് വിടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്.

സിബിഐക്ക് മുന്നില്‍ ഹാജരാവണമെന്നും ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കണമെന്നും ചൊവ്വാഴ്ച്ച സുപ്രിം കോടതി കൊല്‍ക്കത്ത പോലിസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന കുമാര്‍ അതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിച്ചുവെന്നും ഏജന്‍സിക്ക് കൈമാറിയ രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് സിബിഐയുടെ ആരോപണം.

ഇരുകൂട്ടര്‍ക്കും അനുയോജ്യമായ സ്ഥലം എന്ന നിലയിലാണ് ചോദ്യം ചെയ്യല്‍ ഷില്ലോങില്‍ നടത്താന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 3ന് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി മൂന്ന് ദിവസം ധര്‍ണ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it