Sub Lead

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്
X

കൊല്ലം: ഡോക്ടര്‍ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നതാണ് പ്രോസിക്യൂഷന്‍ വാദം. വിധി കേള്‍ക്കാന്‍ വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തും.

2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ വന്ദന ദാസിനെ കൊലപെടുത്തിയ കേസില്‍ പ്രതി കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരന്‍ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമം ഉള്‍പ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളില്‍ എല്ലാം പ്രതി കുറ്റക്കാരന്‍ എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങള്‍ അവതരിപ്പിക്കും.

കരുതികൂട്ടി ചെയ്തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അതിക്രമം നടത്തിയത് എന്നുമാണ് പ്രതിഭാഗം വാദം. സന്ദീപിന് പ്രശ്‌നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കല്‍ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപിന്റെ കുത്തേറ്റ് 2023 മെയ് 10നു പുലര്‍ച്ചെ 4.30നായിരുന്നു ഹൗസ് സര്‍ജന്‍ വന്ദനദാസ് (24) കൊല്ലപ്പെട്ടത്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്‌ഐ മണിലാല്‍, പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി, സന്ദീപിന്റെ അയല്‍വാസിയും സിപിഎം ഓടനാവട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ബിനു എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ എസ് സന്ദീപ് കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. വന്ദനദാസിനെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു.

സ്ഥിരമായി മദ്യപിക്കുമായിരുന്ന സന്ദീപ് ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. സംഭവദിവസം രാത്രി ഇയാള്‍ പ്രദേശവാസികളുമായി വഴക്കുണ്ടാക്കി. തന്നെ ആരോ വധിക്കാന്‍ ശ്രമിക്കുന്നതായി രാത്രി ഒന്നിന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞു.പൂയപ്പള്ളി പൊലീസ് പുറപ്പെട്ടെങ്കിലും സന്ദീപിന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ കണ്ടെത്താനായില്ല. പുലര്‍ച്ചെ നാലിന് വീണ്ടും സന്ദീപ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഗ്രേഡ് എസ്‌ഐ ബേബി മോഹനും അലക്‌സ്‌കുട്ടിയും സ്ഥലത്തെത്തി. സന്ദീപിനു കാലിനു പരിക്കേറ്റതിനാല്‍ സന്ദീപിന്റെ ബന്ധു രാജേന്ദ്രന്‍പിള്ളയെയും ബിനുവിനെയും കൂട്ടിയാണ് പൊലീസ് ആശുപത്രിയിലെത്തിയത്. കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്മാരായ വന്ദനയും ഷിബിനും ഇയാളെ പരിശോധിച്ചു.

മുറിവ് വൃത്തിയാക്കാനായി ഡ്രസിങ് റൂമിലേക്ക് അയച്ചു. എക്‌സ്‌റേ എടുക്കാനും നിര്‍ദേശിച്ചു. മുറിവ് വൃത്തിയാക്കിയിറങ്ങിയ ഉടന്‍ സന്ദീപ് പ്രകോപിതനായി രാജേന്ദ്രന്‍പിള്ളയെ ചവിട്ടി താഴെയിട്ടശേഷം ഡ്രസിങ് റൂമിലുണ്ടായിരുന്ന കത്രികയെടുത്ത് ബിനുവിനെ കുത്തി. തടയാനെത്തിയ അലക്‌സ്‌കുട്ടിയുടെ തലയ്ക്ക് തുടര്‍ച്ചയായി കുത്തി. ബേബി മോഹനെയും ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ സ്തംഭിച്ചുനിന്ന വന്ദനദാസിനെ സന്ദീപ് ഒബ്‌സര്‍വേഷന്‍ റൂമില്‍വച്ച് പിടലിക്കും തലയ്ക്കും തുടര്‍ച്ചയായി കുത്തി. നിലത്തുവീണപ്പോള്‍ തറയിലിട്ടും കുത്തി. പുറത്തുമാത്രം ആറ് കുത്തേറ്റു. ഷിബിന്‍ ഓടിയെത്തി ഇയാളെ തള്ളി മാറ്റി. കൊട്ടാരക്കര സ്റ്റേഷനില്‍നിന്ന് എത്തിയ പൊലീസുകാരും ആശുപത്രി ജീവനക്കാരും പ്രതിയെ കീഴ്‌പ്പെടുത്തി.

കേസ് നാള്‍വഴി?

2023 മെയ് 10: ഡോ. വന്ദനദാസ് കൊല്ലപ്പെടുന്നു

മെയ് 12: പ്രത്യേക അന്വേഷകസംഘം കേസ് ഏറ്റെടുക്കുന്നു

ആഗസ്ത് 1 : കുറ്റപത്രം സമര്‍പ്പിച്ചു

ആഗസ്ത് 7: പ്രതിയെ കമ്മിറ്റല്‍ പ്രൊസീഡിങ്‌സിന്റെ ഭാഗമായി കോടതിയില്‍ ?ഹാജരാക്കാന്‍ കൊട്ടാരക്കര മജിസ്‌ട്രേട്ട് ഉത്തരവിട്ടു.

സെപ്തംബര്‍ 19: കേസ് കൊല്ലം സെഷന്‍സ് കോടതിയിലേക്ക്

മാര്‍ച്ച് 21: ഡോ. വന്ദനദാസിന്റെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം പ്രതാപ് ജി പടിക്കലിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

മെയ് 29: ഇരുകൂട്ടരുടെയും വാദംകേട്ട കോടതി പ്രതിക്കെതിരെ കുറ്റം ചുമത്തി

ജൂലൈ 17: കുറ്റപത്രം ചുമത്തിയതിനെതിരെ പ്രതി സുപ്രീംകോടതിയില്‍

സെപ്തംബര്‍ 9: സാക്ഷിവിസ്താരം ഒക്ടോബര്‍ 17മുതല്‍ നവംബര്‍ 1വരെ നടത്താന്‍ കോടതി

ഡിസംബര്‍ 16: പ്രതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

ഡിസംബര്‍ 30: സാക്ഷിവിസ്താരം 2025 ഫെബ്രുവരി12 മുതല്‍ മാര്‍ച്ച് 5വരെ നടത്താന്‍ ?കോടതി ഉത്തരവിട്ടു.

2025 ഫെബ്രുവരി 12: ഒന്നാം സാക്ഷി ഡോ. ഷിബിനെ വിസ്തരിക്കുന്നു

മെയ് 9: പ്രതിഭാഗം അഭിഭാഷകരുടെ മരണം മൂലം വിചാരണ തടസ്സപ്പെടുന്നു.

ആഗസ്ത് 13: മറ്റൊരു അഭിഭാഷകനെ നിയോഗിച്ച് സാക്ഷി വിസ്താരം? പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി 6: പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാകുന്നു.

ഫെബ്രുവരി 28: പ്രതിഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയാകുന്നു. ?മാര്‍ച്ച് 2: കേസിന്റെ അന്തിമവാദം ആരംഭിക്കുന്നു.

മാര്‍ച്ച് 7: കേസിന്റെ വാദം പൂര്‍ത്തിയാകുന്നു.

മാര്‍ച്ച് 17: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി.



Next Story

RELATED STORIES

Share it