Sub Lead

പട്ടികജാതി സംവരണ അട്ടിമറി: മലയാള സര്‍വകലാശാല അധ്യാപക നിയമനം റദ്ദാക്കണം-കെ കെ അബ്ദുല്‍ ജബ്ബാര്‍

പട്ടികജാതി സംവരണ അട്ടിമറി: മലയാള സര്‍വകലാശാല അധ്യാപക നിയമനം റദ്ദാക്കണം-കെ കെ അബ്ദുല്‍ ജബ്ബാര്‍
X

തിരുവനന്തപുരം: പട്ടികജാതി സംവരണം അട്ടിമറിച്ച് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടത്തിയ അധ്യാപക നിയമനം അടിയന്തരമായി റദ്ദാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഇടത് സഹയാത്രികനായ പ്രമുഖ സാഹിത്യകാരന്റെ ബന്ധു പി ശ്രീദേവിയുടെ നിയമനത്തിന് വേണ്ടി നടത്തിയ സംവരണ അട്ടിമറി സംബന്ധിച്ച് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ സമഗ്രമായ അന്വേഷണം നടത്തണം. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരുന്ന ചലച്ചിത്ര പഠന വിഭാഗം മുന്നാക്ക സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും സാഹിത്യരചനാ വിഭാഗത്തിലെ ജനറല്‍ സീറ്റ് പട്ടികജാതി സീറ്റാക്കുകയും ചെയ്തത് ഉന്നതതലങ്ങളില്‍ നടന്ന ആസൂത്രിത ഗൂഢാലോചനയാണ്. ഈ അനധികൃത നിയമന നടപടി സ്വജനപക്ഷപാതവും പിന്നാക്ക വഞ്ചനയുമാണ്.

യോഗ്യതയുള്ളവരെ മാറ്റിനിര്‍ത്തി ഇന്റര്‍വ്യൂ ബോര്‍ഡ് അംഗത്തിന്റെ കീഴിലുള്ള ഗവേഷക വിദ്യാര്‍ത്ഥി എങ്ങനെ നിയമനം നേടിയെന്നതും സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓപണ്‍ കാറ്റഗറിയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി മലയാളം സര്‍വകലാശാലയില്‍ മുന്നാക്ക സംവരണ വിഭാഗത്തിലെത്തിയതും സംശയകരമാണ്. നിയമനം ലഭിച്ചവര്‍ രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നത് വരെ ഉദ്യോഗാര്‍ത്ഥി പട്ടിക രഹസ്യമായി വച്ചു എന്നതും സംശയം ബലപ്പെടുത്തുന്നു. നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടുള്ള യോഗ്യതയുള്ളവരല്ല നിയമനം നേടിയിരിക്കുന്നത് എന്നത്് അട്ടിമറിയുടെ ആഴം വ്യക്തമാക്കുന്നു. പട്ടികജാതി സംവരണം അട്ടിമറിക്കപ്പെടുകയും അനര്‍ഹരെ നിയമിക്കുകയും ചെയ്തത് അടിയന്തരമായി തിരുത്തപ്പെടണം. കൂടാതെ ഈ അട്ടിമറി ആസൂത്രണം ചെയ്തവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുമുള്ള സത്വരനടപടി സര്‍വകലാശാലാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Caste reservation coup: Malayalam University teachers' appointment should be cancelled: SDPI




Next Story

RELATED STORIES

Share it