Sub Lead

നന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്

നന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്
X

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ നന്ദുവെന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികളില്‍ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദിച്ചെന്നാണ് പോലിസിന്റെ എഫ് ഐ ആറിലുള്ളത്. വീട്ടില്‍ മാരകായുധങ്ങളുമായി എത്തി ഭീഷണിപെടുത്തിയെന്നാണ് നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ നന്ദു ട്രെയിന്‍ ഇടിച്ചു മരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

അതേ സമയം, നന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പങ്കെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ തളളി ഡി വൈ എഫ് ഐ നേത്യത്വം രംഗത്തെത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നില്‍ പെട്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് കള്ളക്കഥയാണെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ നന്ദുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സജീവന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു.

ആക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടി പോയ നന്ദു സഹോദരിയുമായി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭാഷണത്തില്‍ നന്ദുവിന് ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ പറയുന്നില്ല എന്നത് വ്യക്തമാണ്. നന്ദു ഇതിന് മുന്‍പ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആര്‍.രാഹുലും പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it