Sub Lead

ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന കേസ്: കാറിലുണ്ടായിരുന്നത് മൂന്നരക്കോടിയെന്ന് മൊഴി;അന്വേഷണം ബിജെപി, ആര്‍എസ്എസ് നേതാക്കളിലേക്ക്

തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഹാജരാകാനാണ് തൃശ്ശൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘം ഇവരോട് ആവശ്യപ്പെട്ട

ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന കേസ്: കാറിലുണ്ടായിരുന്നത് മൂന്നരക്കോടിയെന്ന് മൊഴി;അന്വേഷണം ബിജെപി, ആര്‍എസ്എസ് നേതാക്കളിലേക്ക്
X

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിച്ച ബിജെപിയുടെ കള്ളപ്പണം കവര്‍ന്നകേസില്‍ അന്വേഷണം ഉന്നത ബിജെപി, ആര്‍എസ്എസ് നേതാക്കളിലേക്ക്. ശനിയാഴ്ച അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളായ മൂന്നു പേരോട് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ ഇവര്‍ക്ക് പ്രത്യക്ഷത്തില്‍ ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്.

തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഹാജരാകാനാണ് തൃശ്ശൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘം ഇവരോട് ആവശ്യപ്പെട്ടത്.

അതേസമയം കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. വെള്ളിയാഴ്ചയാണ് ഇവരെ തൃശ്ശൂരില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്. സുനില്‍ നായിക്കിനെയും ധര്‍മരാജിനെയും വീണ്ടും ചോദ്യം ചെയ്യും.വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയും പിന്നീട് ഉച്ചകഴിഞ്ഞുമായിരുന്നു ഇരുവരെയും ചോദ്യംചെയ്തത്. പോലിസ് ക്ലബ്ബിലായിരുന്നു തീരുമാനിച്ചതെങ്കിലും രഹസ്യകേന്ദ്രത്തിലെത്തിച്ചായിരുന്നു ചോദ്യംചെയ്യല്‍. വാഹനാപകടമുണ്ടാക്കി കാറില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിനെതിരേ കൊടകര പോലിസിന് പരാതി നല്‍കിയത്.

19 പ്രതികളില്‍നിന്നായി ഒരുകോടിയിലേറെ രൂപ അന്വേഷണസംഘം ഇതിനകം കണ്ടെടുത്തു. ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പോലിസിനോട് പറഞ്ഞത്. ഇതിന് രേഖകളുണ്ടെന്നും അറിയിച്ചിരുന്നു. എന്നാല്‍, രേഖകള്‍ ഇതുവരെയും എത്തിച്ചില്ല. പരാതിയേക്കാള്‍ കൂടുതല്‍ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതോടെ പണത്തിന്റെ ഉറവിടമറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

പണം കര്‍ണാടകത്തില്‍നിന്ന് എത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യവും രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഇരുവരെയും ചോദ്യംചെയ്തത്. ചോദ്യംചെയ്യലില്‍ ഇരുവരും കാറില്‍ മൂന്നരക്കോടിയുണ്ടായിരുന്നതായി സമ്മതിച്ചു. ഇതിന് രേഖകളില്ലാത്തതിനാലാണ് പരാതിയില്‍ 25 ലക്ഷമെന്ന് പറഞ്ഞതെന്ന് ധര്‍മരാജ് സമ്മതിച്ചു. പണം ആര്‍ക്ക് കൊടുക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്നതിന് വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

പണം കൊടുത്തുവിട്ടയാളെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. അതേസമയം, കള്ളപ്പണമാണെന്ന് സ്ഥിരീകരണമായതോടെ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിടുന്നതു സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് കൊടകര മേല്‍പ്പാലത്തിന് സമീപംവെച്ചാണ് വാഹനാപകടമുണ്ടാക്കി പണം കവര്‍ന്നത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുടെ ഉന്നത നേതൃത്വം കോടികള്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് പോലിസ് നിഗമനം.

Next Story

RELATED STORIES

Share it