Sub Lead

സംഘപരിവാറിന്റെ പൗരത്വ വിശദീകരണ യോഗം: കടകള്‍ അടച്ചാല്‍ നടപടിയെന്ന് പോലിസ് -ഉദ്ഘാടകന്‍ റിട്ട. എസ്പി ഉണ്ണിരാജ

കടകള്‍ അടയ്ക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് തേജസ് ന്യൂസിനോട് പറഞ്ഞു. കടകള്‍ അടക്കാനോ തുറക്കാനോ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ സന്ദേശമാണെന്നും ഡിവൈഎസ്പി പറഞ്ഞു.

സംഘപരിവാറിന്റെ പൗരത്വ വിശദീകരണ യോഗം: കടകള്‍ അടച്ചാല്‍ നടപടിയെന്ന് പോലിസ്  -ഉദ്ഘാടകന്‍ റിട്ട. എസ്പി ഉണ്ണിരാജ
X

വാടാനപ്പള്ളി(തൃശൂര്‍): പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി വാടാനപ്പള്ളിയില്‍ നടത്തുന്ന പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടച്ചാല്‍ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലിസ്. ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസാണ് വാടാനപ്പള്ളി സ്റ്റേഷനില്‍ വിളിച്ചുവരുത്തി നിര്‍ദേശം നല്‍കിയതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാടാനപ്പള്ളി യൂനിറ്റ് സെക്രട്ടറി ഡേവീസ് തേജസ് ന്യൂസിനോട് പറഞ്ഞു. പോലിസ് നല്‍കിയ നിര്‍ദേശങ്ങള്‍ വ്യാപാരികളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ്ങ് ഗ്രൂപ്പിലും അയച്ചിട്ടുണ്ട്.


'പ്രിയ വ്യാപാരികളുടെ ശ്രദ്ധക്ക്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ശ്രീ ഫ്രാന്‍സിസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്ന്(06-02-2020 വ്യാഴാഴ്ച്ച) രാവിലെ വാടാനപ്പള്ളി പോലിസ് സ്‌റ്റേഷനില്‍ വെച്ച് നടന്ന യോഗ തീരുമാനങ്ങള്‍. ഇന്ന്(06-02-2020 വ്യാഴാഴ്ച്ച) വൈകീട്ട് 5 മണിക്ക് വാടാനപ്പള്ളി സെന്ററില്‍ വച്ച് നടത്തുന്ന പൗരത്വ അനുകൂല വിശദീകരണ യോഗം നടക്കുന്നുണ്ട്. അതിനോട് അനുബന്ധിച്ച് പലസ്ഥലങ്ങളിലും കട അടച്ചിട്ട വ്യാപാരികള്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കുന്നുണ്ട്. ആയതിനാല്‍ വാടനപ്പള്ളിയിലെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ആരെങ്കിലും പ്രതിഷേധിച്ച് കടകള്‍ അടക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്'. ഇതായിരുന്നു പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ പേരില്‍ വ്യാപാരികള്‍ക്ക നല്‍കിയ സന്ദേശത്തിലെ നിര്‍ദേശം.

അതേസമയം, താന്‍ കടകള്‍ അടയ്ക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് തേജസ് ന്യൂസിനോട് പറഞ്ഞു. കടകള്‍ അടക്കാനോ തുറക്കാനോ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ സന്ദേശമാണെന്നും ഡിവൈഎസ്പി പറഞ്ഞു. എന്നാല്‍, കടയടക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആയതിനാല്‍ കടകള്‍ അടക്കരുതെന്നും കൊടുങ്ങല്ലൂരും മറ്റുപ്രദേശങ്ങളിലും കടകള്‍ അടച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള ഉപദേശം മാത്രം നല്‍കുകയാണ് ചെയ്തതെന്ന് വാടാനപ്പള്ളി പോലിസ് എസ്എച്ച്ഒ പറഞ്ഞു.

ഇന്ന് വൈകീട്ട് അഞ്ചിനാണ് 'പൗരത്വ നിയമ ഭേദഗതി രാഷ്ട്രനന്മയ്ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി ജനജാഗരണ സമിതി വാടാനപ്പള്ളിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. റിട്ട. എസ്പി പി എന്‍ ഉണ്ണിരാജയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ആര്‍എസ്എസ് പ്രാന്തീയ സഹ പ്രചാര്‍പ്രമുഖ് ഡോ. എന്‍ ആര്‍ മധു മുഖ്യപ്രഭാഷകനാണ്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാര്‍, കെപിഎംഎസ് സംസ്ഥാന രക്ഷാധികാരി ടി വി ബാബു, ധീവരസഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്ട്, എസ്എന്‍ഡിപി യൂനിയന്‍ നാട്ടിക യൂനിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം, പൗരത്വ പ്രക്ഷോഭവങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ കേരള പോലിസ് ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപി പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടച്ചവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ചാണ് പലയിടത്തും പോലിസ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പൗണ്ടില്‍ കടകള്‍ അടച്ച 23 വ്യാപാരികള്‍ക്കെതിരേയാണ് പോലിസ് സ്വമേധയാ കേസെടുത്തത്.

ബിജെപി പരിപാടിക്ക് മുന്നോടിയായി കടകള്‍ അടക്കരുതെന്ന് ആവശ്യപ്പെട്ട് പോലിസ് നോട്ടിസ് നല്‍കിയതും വിവാദമായിരുന്നു. ബിജെപി നടത്തുന്ന റാലിയും പൊതുസമ്മേളനവും ബഹിഷ്‌ക്കരിച്ച് കടകള്‍ അടക്കയ്ക്കരുതെന്നും അടച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും താക്കീത് ചെയ്താണ് കടയുടമകള്‍ക്ക് പോലിസ് നോട്ടിസ് നല്‍കിയത്. ഇടുക്കി കരിമണ്ണൂര്‍ പോലിസാണ് കടയുടമകള്‍ക്ക് നോട്ടിസ്് നല്‍കിയത്. സബ് ഇന്‍സ്‌പെക്ടര്‍ ഒപ്പുവച്ച നോട്ടിസാണ് പ്രദേശത്തെ കടയുടമകള്‍ക്ക് നല്‍കിയത്.

'5ാം തിയ്യതി കരിമണ്ണൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി എന്ന സംഘടന പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള പ്രകടനവും പൊതു സമ്മേളനവും നടത്തുന്നതായി അറിയുന്നു. ആയതിനോടനുബന്ധിച്ച് മൂന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തരുതെന്നും വര്‍ഗീയ പരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുരുതെന്നും അല്ലാത്ത പക്ഷം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു'മാണ് ബുധനാഴ്ച നല്‍കിയ നോട്ടിസിലുള്ളത്. നോട്ടിസ് വിവാദമായതോടെ കൊടുത്തതെല്ലാം പോലിസ് തിരിച്ചുവാങ്ങി തടിതപ്പി. അതേസമയം, ബിജെപിക്കെതിരേ ജനങ്ങള്‍ നിലപാടെടുക്കുന്നത് എങ്ങിനേയാണ് മതസ്പര്‍ധയാകുന്നത് എന്ന ചോദ്യത്തിന് പോലിസ് കൃത്യമായി മറുപടി പറയുന്നില്ല.

Next Story

RELATED STORIES

Share it