Sub Lead

ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും

ഇന്നു രാവിലെ തൃശ്ശൂര്‍ പോലിസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും
X

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി സംസ്ഥാനത്ത് ഒഴുക്കിയ കോടികളുടെ കള്ളപ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്ത കേസില്‍ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും. ഇന്നു രാവിലെ തൃശ്ശൂര്‍ പോലിസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇന്നലെയാണ് അറിയിച്ചത്. അതിനാല്‍ തന്നെ അദ്ദേഹം ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ ധര്‍മരാജനെ ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലിസ് പറയുന്നത്.

അതേസമയം, കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. പോലിസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും ഇഡി മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയില്‍ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്ന ഇഡി. എന്നാല്‍ തുടര്‍ന്ന് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിനേ തുടര്‍ന്ന് കോടതി ഇഡിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. പത്ത് ദിവസത്തെ സാവകാശമാണ് ഇക്കാര്യത്തില്‍ ഇഡി ആവശ്യപ്പെട്ടത്.

ഈ ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇഡി ആരംഭിച്ചിരിക്കുന്നത്. ഇഡി പോലിസില്‍ നിന്ന് കേസിന്റെ എഫ്‌ഐആര്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. കോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തില്‍ കേസ് തങ്ങളുടെ പരിധിയില്‍ വരുമോ എന്നകാര്യമാണ് ഇഡി പരിശോധിക്കുന്നത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ സംസ്ഥാനത്ത് ശതകോടികളുടെ കള്ളപ്പണം ഒഴുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ഹെലിക്കോപ്റ്ററില്‍ കോടികള്‍ കടത്തിയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it