Sub Lead

സിഎഎ വിരുദ്ധ സമരത്തിനിടെ സംഘപരിവാര അതിക്രമം; ബിന്ദു അമ്മിണിയെ പോലിസ് കസ്റ്റഡിയിലെടുത്തു(വീഡിയോ)

യുവാക്കളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവരെയും കസ്റ്റഡിയിലെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

സിഎഎ വിരുദ്ധ സമരത്തിനിടെ സംഘപരിവാര അതിക്രമം; ബിന്ദു അമ്മിണിയെ പോലിസ് കസ്റ്റഡിയിലെടുത്തു(വീഡിയോ)
X

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മാനാഞ്ചിറ സ്‌ക്വയറിനു സമീപം ശാഹീന്‍ബാഗ് സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിക്കു നേരെ അതിക്രമം. നോട്ടീസ് വിതരണം ചെയ്യുകയും പണപ്പിരിവ് നടത്തുകയും ചെയ്യുകയായിരുന്ന ബിന്ദു അമ്മിണിക്കു നേരെ കൈയേറ്റത്തിനു ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. എന്നാല്‍, സംഭവസ്ഥലത്തെത്തിയ ടൗണ്‍ പോലിസ് ബിന്ദു അമ്മിണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 7.30ഓടെയാണ് സംഭവം. സമരത്തിന്റെ ഭാഗമായി നടത്തിയ ബക്കറ്റ് പിരിവിനെ സിഎഎ അനുകൂലികളായ രണ്ട് ബിജെപി അനുഭാവികള്‍ എതിര്‍ക്കുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പോലിസ് ബിന്ദു അമ്മിണിയെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍, സംഘപരിവാര പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവരെയും കസ്റ്റഡിയിലെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിന്ദു അമ്മിണിയെ മോശമായി അസഭ്യം പറഞ്ഞയാളെ ആദ്യം പോലിസ് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെങ്കിലും തടിച്ചുകൂടിയവരുടെ പ്രതിഷേധത്തിനൊടുവില്‍ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സിഎഎ വിരുദ്ധ സമരം ചെയ്യുന്നതിനാണ് സംഘപരിവാറുകാരന്‍ ഭീഷണിപ്പെടുത്തുന്നതെന്നും കേരള പോലിസ് അറസ്റ്റ് ചെയ്തതെന്നും ബിന്ദു അമ്മിണി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് സിഎഎ വിരുദ്ധ സമരം തകര്‍ക്കാമെന്ന് കേരളത്തില്‍ വ്യാമോഹിക്കേണ്ട. കേരള ജനത അത് അനുവദിക്കില്ല. സമാധാനപരമായി നോട്ടീസ് വിതരണം ചെയ്യുകയായിരുന്ന തങ്ങളെ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും ഒരു നോട്ടീസ് വിതരണത്തിന് കേരളത്തില്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ എവിടെയാണ് സ്വാതന്ത്ര്യമുള്ളതെന്നും ബിന്ദു അമ്മിണി പറഞ്ഞു. സംഘപരിവാറുകാരനെ കൂട്ടുപിടിച്ച് രണ്ട് പോലിസുകാര്‍ തങ്ങളെ സ്‌റ്റേഷനിലെത്തിക്കുകയാണുണ്ടായത്. കേരളത്തില്‍ ഡല്‍ഹി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ജനാധിപത്യ കേരളത്തിലെ പുരോഗമനവാദികളായ ആളുകള്‍ ഒപ്പമുണ്ടാവുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി ബിന്ദു അമ്മിണി മാനാഞ്ചിറ സ്‌ക്വയര്‍ പരിസരത്ത് സിഎഎ വിരുദ്ധ സമരം നടത്തിവരികയാണ്.






Next Story

RELATED STORIES

Share it