Sub Lead

ഗുജറാത്തിന്റെ 17ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഉച്ചയ്ക്ക് 2.20നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്ന് ഗവര്‍ണര്‍ ആചാര്യ ദേവ്‌രത് അറിയിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

ഗുജറാത്തിന്റെ 17ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
X

ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആര്‍ പാട്ടീല്‍ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അനുമോദിക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 2.20നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്ന് ഗവര്‍ണര്‍ ആചാര്യ ദേവ്‌രത് അറിയിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ അമിത് ഷാ ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ചു.

ഗാന്ധി നഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്രയെ തിരഞ്ഞെടുത്തത്. വിജയ് രൂപാണിയാണ് ഭൂപേന്ദ്രയുടെ പേര് നിര്‍ദേശിച്ചത്. ഗഡ്‌ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. കന്നിയങ്കത്തില്‍ 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്.

നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു. യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര. 59കാരനായ ഭൂപേന്ദ്ര പട്ടേല്‍, കട്‌വ പട്ടീദാര്‍ സമുദായാംഗമാണ്. കൂടാതെ സര്‍ദാര്‍ ധാം, വിശ്വ ഉമിയ ഫൗണ്ടേഷന്‍ എന്നീ പട്ടീദാര്‍ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. സ്വാധീനശക്തിയും നിര്‍ണായക രാഷ്ട്രീയശക്തിയുമുള്ളതാണ് പാട്ടീദാര്‍ സമുദായം. ബിജെപിക്ക് വീണ്ടും ഭരണത്തുടര്‍ച്ച സമ്മാനിക്കാന്‍ ഈ സമുദായത്തിന് വലിയ പങ്കുണ്ടാകുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍.

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. എന്നാല്‍ രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it