Sub Lead

പെഗസസിൽ ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ട; സമഗ്ര ഉത്തരവ് അടുത്ത ആഴ്ച്ചയെന്ന് സുപ്രിംകോടതി

തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗസസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമബംഗാൾ സര്‍ക്കാര്‍ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്.

പെഗസസിൽ ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ട; സമഗ്ര ഉത്തരവ് അടുത്ത ആഴ്ച്ചയെന്ന് സുപ്രിംകോടതി
X

ന്യൂഡൽഹി: പെഗസസിൽ പശ്ചിമബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഇപ്പോൾ തുടങ്ങരുതെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ സൂചന നൽകി. പെഗസസ് ഫോണ്‍ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹരജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചു.

തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗസസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമബംഗാൾ സര്‍ക്കാര്‍ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്. റിട്ട ജസ്റ്റിസ് മദൻ ബി ലോക്കൂറിന്‍റെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ അന്വേഷണം തത്കാലം തുടങ്ങേണ്ടെന്നാണ് ബംഗാൾ സര്‍ക്കാരിനോട് സുപ്രിംകോടതിയുടെ വാക്കാൽ നിര്‍ദേശം. പെഗസസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ കൂടി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും കോടതി വ്യക്തമാക്കി.

അടുത്ത ആഴ്ച പെഗസസ് ഹരജികളിൽ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന സൂചനയും ചീഫ് ജസ്റ്റിസ് നൽകി. അതിന് മുമ്പ് ബംഗാൾ സര്‍ക്കാരിന്‍റെ ജുഡീഷ്യൽ സമിതി അന്വേഷണം തുടങ്ങിയാൽ അതിനെതിരേ ഉത്തരവിറക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. പെഗസസിൽ സമാന്തര അന്വേഷണമല്ലെന്ന് വിശദീകരിച്ച ബംഗാൾ സര്‍ക്കാര്‍, ഇപ്പോൾ അന്വേഷണം തുടങ്ങില്ലെന്ന് കോടതിക്ക് ഉറപ്പു നൽകി. പെഗസസുമായി ബന്ധപ്പെട്ട എല്ലാ ഹരജികളിലും അടുത്ത ആഴ്ച ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഒരുപക്ഷെ, രാജ്യവ്യാപകമായി വലിയ പ്രത്യാഘാതം ഉണ്ടാക്കാവുന്ന കേസായിരിക്കും ഇതെന്ന പരാമര്‍ശവും വാദത്തിനിടെ കോടതി നടത്തി. പെഗസസിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമൊക്കെ നൽകിയ ഹരജികളിൽ കഴിഞ്ഞ ആഴ്ച കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. പെഗസസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Next Story

RELATED STORIES

Share it