Sub Lead

'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കര്‍ണാടകയില്‍ പോലിസ് സംരക്ഷണം; പരാതിയുമായി എസ്ഡിപിഐ

ജയ് ഹിന്ദു രാഷ്ട്ര എന്നെഴുതിയ ബാനറിന് കര്‍ണാടകയില്‍ പോലിസ് സംരക്ഷണം; പരാതിയുമായി എസ്ഡിപിഐ
X

ഉഡുപ്പി: കര്‍ണാടകയില്‍ 'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഉഡുപ്പിയിലെ പ്രധാന സര്‍ക്കിളില്‍ സ്ഥാപിച്ചിരിക്കുന്ന 'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ സവര്‍ക്കറുടെയും സുഭാഷ് ചന്ദ്രബോസിന്റെയും ഫോട്ടോ പ്രദര്‍ശിപ്പിക്കുന്ന ബാനറിന് ചുറ്റുമാണ് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. 'ജയ് ഹിന്ദു രാഷ്ട്ര', 'സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയ ദാനമല്ല' എന്നീ രണ്ട് വാചകങ്ങളും ബാനറില്‍ എഴുതിയിട്ടുണ്ട്. 'ഈ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ ബ്രിട്ടീഷുകാരെ വിപ്ലവകരമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തി രാജ്യത്തെ അവരുടെ ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിച്ച വിപ്ലവ നേതാക്കളായ വീര്‍ സവര്‍ക്കറെയും സുഭാഷ് ചന്ദ്രബോസിനെയും നമുക്ക് സ്മരിക്കാം'. ബാനറില്‍ എഴുതി.

ബാനറിനെതിരെ പരാതിയുമായി എസ്ഡിപിഐ രംഗത്തെത്തി. ഇതോടെ ബാനര്‍ സ്ഥാപിച്ച സ്ഥലത്ത് പോലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഉഡുപ്പി ടൗണ്‍ മുനിസിപ്പാലിറ്റി തിങ്കളാഴ്ച തീരുമാനിച്ചു. മുനിസിപ്പാലിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം അടുത്ത 15 ദിവസത്തേക്ക് ബാനര്‍ സ്ഥാപിച്ച സ്ഥലത്ത് പോലിസ് സംരക്ഷണമുണ്ടാവുമെന്ന് ഉഡുപ്പിയിലെ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബ്രഹ്മഗിരി സര്‍ക്കിളില്‍ നിന്നുള്ള എട്ട് പോലിസ് ഉദ്യോഗസ്ഥരാണ് 'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കാവല്‍ നില്‍ക്കുന്നത്. ഹിന്ദുമഹാസഭ നേതാക്കളായ പ്രമോദ് ഉച്ചില, ശൈലേഷ് ദേവാഡിഗ, യോഗീഷ് കുത്ത്പാടി എന്നിവര്‍ ചേര്‍ന്നാണ് ബാനര്‍ സ്ഥാപിച്ചത്.

ബാനറിനെതിരെ എസ്ഡിപിഐ പരാതി നല്‍കിയെങ്കിലും ബ്രഹ്മഗിരി സര്‍ക്കിളില്‍ ബാനര്‍ നിലനിര്‍ത്താനും കൂടുതല്‍ സംരക്ഷണം നല്‍കാനുമാണ് ടൗണ്‍ നഗരസഭയുടെ തീരുമാനമെന്ന് മുനിസിപ്പാലിറ്റി കമ്മീഷണര്‍ ഉദയ് കുമാര്‍ ഷെട്ടി പറഞ്ഞു, 'ബാനര്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. അപേക്ഷകര്‍ മൂന്ന് ദിവസം മുമ്പ് ഇത് സ്ഥാപിക്കാന്‍ അനുമതി തേടി.' ഷെട്ടി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച ശിവമോഗ ജില്ലയില്‍ സവര്‍ക്കറുടെ ചിത്രം വച്ച് സമാനമായ സ്വാതന്ത്ര്യദിന പോസ്റ്ററുകള്‍ പതിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഉഡുപ്പിയിലെ ബാനറിന് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 15 ന് അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ പതിച്ച സവര്‍ക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് ശിവമോഗ ജില്ലയില്‍ സംഘര്‍ഷമുണ്ടായി. പോസ്റ്റര്‍ പതിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ പ്രേം സിംഗ് എന്നയാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ദക്ഷിണ കന്നഡയില്‍, സവര്‍ക്കറുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച സര്‍ക്കാര്‍ പരിപാടിയില്‍ പ്രതിഷേധവുമായെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.

വി ഡി സവര്‍ക്കര്‍ ഒരു ഹിന്ദുത്വ സൈദ്ധാന്തികനായിരുന്നു. 'ഹിന്ദുത്വ: ആരാണ് ഹിന്ദു?' എന്ന പുസ്തകം എഴുതിയ സവര്‍ക്കര്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തയാളാണ്. 1924ല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്താണ് സവര്‍ക്കര്‍ ജയില്‍ മോചിതനായത്. മേലില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കില്ല എന്ന് ഉറപ്പ് നല്‍കിയാണ് സവര്‍ക്കര്‍ ജയില്‍ മോചനം നേടിയത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. എന്നാല്‍, ഗാന്ധി വധ ഗൂഢാലന കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി സവര്‍ക്കറെ കുറ്റവിമുക്തനാക്കി.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ കര്‍ണാടക സര്‍ക്കാര്‍ പരസ്യത്തില്‍ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവഗണിച്ചുകൊണ്ട് വി ഡി സവര്‍ക്കറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. ഓഗസ്റ്റ് 14ന് എല്ലാ പ്രമുഖ പത്രങ്ങളിലും പ്രസിദ്ധീകരിച്ച പരസ്യത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it