Sub Lead

മെഷീനില്‍ കുടുങ്ങിയ 500 രൂപയ്ക്ക് വേണ്ടി എടിഎം മെഷീന്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി പി ദീപക് രാജ് (34) ആണ് പിടിയിലായത്.

മെഷീനില്‍ കുടുങ്ങിയ 500 രൂപയ്ക്ക് വേണ്ടി എടിഎം മെഷീന്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍
X

കണ്ണൂര്‍: പിലാത്തറ ദേശീയപാതയോരത്തെ എടിഎം മെഷീന്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി പി ദീപക് രാജ് (34) ആണ് പിടിയിലായത്. സിഐ കെ വി ബാബുവിന്റെ നേതൃത്വത്തില്‍ പോലിസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം മെഷീനിന്റെ മോണിറ്റര്‍, ഡയല്‍ പാഡ് എന്നിവ ഇയാള്‍ അടിച്ചു തകര്‍ത്തത്. ഞായറാഴ്ച രാവിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയവരാണ് സംഭവം പോലിസില്‍ അറിയിച്ചത്. അക്രമിയുടെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചതോടെയാണ് സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പ്രതിയെ വലയിലാക്കുകയിരുന്നു. പോലിസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

വിദേശത്തുനിന്നെത്തിയ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പിലാത്തറയിലെത്തിയ ദീപക് രാജ് ശനിയാഴ്ച്ച രാത്രി 8.45ന് പണം എടുക്കുന്നതിനായി എടിഎമ്മിലെത്തുകയും പുറത്തു വന്ന പണത്തില്‍ 500 രൂപ എടിഎം മെഷീനില്‍ കുടുങ്ങുകയും ചെയ്തു. എത്ര ശ്രമിച്ചിട്ടും വലിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെ ക്ഷുഭിതനായ ഇയാള്‍ പുറത്തു പോയി കല്ലുമായി വന്ന് മോണിറ്ററും ഡയല്‍ പാഡും അടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തെ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് പോലിസ് ഇയാളെ പിടികൂടിയത്. മോഷണശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത ദീപക് രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അന്വേഷണ സംഘത്തില്‍ എസ്‌ഐ കെ.ബാബുമോന്‍, എഎസ്‌ഐ സി.ജി,സാംസണ്‍, സിസിപിഒ അനില്‍കുമാര്‍, സിപിഒ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it