Sub Lead

കുഞ്ഞിനെ തിരികെക്കിട്ടണം; സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി അനുപമ

കുഞ്ഞിനെ തിരികെക്കിട്ടണം; സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി അനുപമ
X

തിരുവനന്തപുരം: തട്ടിയെടുത്ത സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അമ്മ അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിരുന്നു. പോലിസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന്‍ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സമരം ആരംഭിക്കുന്നതിനു മുമ്പ് അനുപമ പ്രതികരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിളിച്ചിരുന്നു.

സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. അതില്‍ തനിക്ക് സന്തോഷവും തൃപ്തിയുമുണ്ടെന്നും അനുപമ പറഞ്ഞു. ഇത് സര്‍ക്കാരിനെതിരെയുള്ള സമരമല്ല. കുഞ്ഞിനെ കാണാതായെന്ന് പരാതി കൊടുത്തപ്പോഴും പോലിസ് എഫ്‌ഐആര്‍ ഇടാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ല. കുട്ടിയെ കാണാതായെന്ന പരാതിയുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. പരാതിയുമായി പോയി കരയുമ്പോള്‍ ഞാനൊരു അമ്മയാണെന്ന പരിഗണന പോലും ലഭിച്ചിട്ടില്ല.

ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങള്‍ പോലും പോലിസും സിഡബ്ല്യുസിയും ശിശുക്ഷേമ സമിതിയും ചെയ്തിട്ടില്ല. അതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്. എന്റെ സമരം ഒരു പാര്‍ട്ടിക്കുമെതിരല്ല, ഒരു പാര്‍ട്ടിയുടെയും പിന്തുണയിലല്ല. സിപിഎം നേതാക്കളെ എകെജി സെന്ററില്‍ പോയി കണ്ടതാണ്. പലതവണ പരാതി ധരിപ്പിച്ചു. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന സമയത്ത് പാര്‍ട്ടി നേതാക്കളാരും സഹായിച്ചിട്ടില്ല. ഇപ്പോള്‍ കുറേ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കുന്നു. അന്ന് സംസാരിച്ച രീതിയിലല്ല ഇന്ന് പലരും സംസാരിക്കുന്നത്. കുട്ടിയെ കൈമാറിയെന്ന് തന്റെ അച്ഛന്‍തന്നെ സമ്മതിച്ചിട്ടുണ്ട്.

പക്ഷെ, അദ്ദേഹം ഇപ്പോഴും ലോക്കല്‍ കമ്മിറ്റി അംഗമായും സിഐടിയു ഭാരവാഹിയായും തുടരുകയാണ്. അതിനര്‍ഥം പാര്‍ട്ടി അച്ഛനെ പിന്തുണയ്ക്കുന്നു എന്നതാണ്. എന്തുകൊണ്ടാണ് പാര്‍ട്ടി അച്ഛനെതിരേ നടപടി സ്വീകരിക്കാത്തതെന്ന് അനുപമ ചോദിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നായിരുന്നു മുന്‍ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാമെന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.

കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രില്‍ 19ന് അനുപമ പേരൂര്‍ക്കട പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ആറുമാസത്തിന് ശേഷമാണ് പോലിസ് കേസെടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു. എന്നാല്‍, എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്നായിരുന്നു സിഡബ്ല്യുസി ചെയര്‍പേഴ്‌സന്റെ വാദം. ഇത് മന്ത്രി തള്ളിയിരുന്നു. പോലിസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സമിതി മറുപടി നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it