എന്‍ഐഎ നിയമഭേദഗതി ചര്‍ച്ചക്കിടെ വാഗ്വാദം; അമിത് ഷാ കൈചൂണ്ടിയാല്‍ താന്‍ ഭയക്കില്ലെന്ന് ഉവൈസി

ഭേദഗതിക്കെതിരേ എതിര്‍പ്പുമായി അസദുദ്ദീന്‍ ഉവൈസി എണീറ്റപ്പോള്‍ അമിത് ഷാ ചര്‍ച്ച തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. അമിത് ഷാ കൈചൂണ്ടി സംസാരിച്ചാല്‍ താന്‍ ഭയക്കില്ലെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

എന്‍ഐഎ നിയമഭേദഗതി ചര്‍ച്ചക്കിടെ വാഗ്വാദം;  അമിത് ഷാ കൈചൂണ്ടിയാല്‍ താന്‍ ഭയക്കില്ലെന്ന് ഉവൈസി
ന്യൂഡല്‍ഹി: എന്‍ഐഎക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കുമിടയിലെ വാഗ്വാദം ബഹളത്തിനിടയാക്കി. എന്‍ഐഎക്ക് അമിതാധികാരം നല്‍കി പോലിസ് രാജിനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭേദഗതിക്കെതിരേ എതിര്‍പ്പുമായി അസദുദ്ദീന്‍ ഉവൈസി എണീറ്റപ്പോള്‍ അമിത് ഷാ ചര്‍ച്ച തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. അമിത് ഷാ കൈചൂണ്ടി സംസാരിച്ചാല്‍ താന്‍ ഭയക്കില്ലെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. താന്‍ ആരെയും ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ആരെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാനാവില്ലെന്നും അമിത് ഷാ തിരിച്ചടിച്ചു.

ഭീകരര്‍ക്ക് ശക്തമായ സന്ദേശം നല്‍കാനാണ് നിയമഭേദഗതിയെന്ന് അമിത് ഷാ വിശദീകരിച്ചു. എന്‍ഐഎയെ മോദി ഗവണ്‍മെന്റ് ദുരൂപയോഗം ചെയ്യില്ലെന്നും തീവ്രവാദത്തെ തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതിയും സഭ തള്ളി.

വിദേശത്ത് ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ഭീകരാക്രമണവും എന്‍ഐഎക്ക് അന്വേഷിക്കാം. സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടു വരാം. മനുഷ്യക്കടത്തും ആയുധകടത്തും അന്വേഷിക്കാനുള്ള അവകാശവും ഇന്ന് ലോക്‌സഭ പാസാക്കിയ ബില്‍ എന്‍ഐഎക്ക് നല്‍കുന്നു.

RELATED STORIES

Share it
Top