Sub Lead

'ആറാം നൂറ്റാണ്ട്' പറഞ്ഞ് ഇസ് ലാമിനെ ആക്ഷേപിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കുക: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ആറാം നൂറ്റാണ്ട് പറഞ്ഞ് ഇസ് ലാമിനെ ആക്ഷേപിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കുക: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

തിരുവനന്തപുരം: ലീഗും മുനീറും ആറാം നൂറ്റാണ്ടിലാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ലെന്നുമുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയുടെ പിന്നില്‍ തന്റെയും പാര്‍ട്ടിയുടെയും കടുത്ത ഇസ് ലാം വിരോധവും ഹിന്ദുത്വ പ്രീണനവുമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

ഇസ് ലാമിനെ ആറാം നൂറ്റാണ്ടിലെ പ്രാകൃത മതവും പ്രവാചകനെയും മുസ് ലിംകളെയും പ്രാകൃതരുമാക്കി അവഹേളിക്കുന്ന തരത്തിലുള്ള നിരന്തര പ്രസ്താവനകളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും പിന്തിരിയാത്ത പക്ഷം കമ്യൂണിസത്തിന്റെ താത്വികവും ചരിത്രപരവുമായ മുസ് ലിംവിരുദ്ധതയ്ക്കും മനുഷ്യ ദ്രോഹത്തിനുമെതിരേ സമുദായത്തെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കാന്‍ മതപണ്ഡിതന്മാര്‍ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാകും.

സ്വകാര്യ സ്വത്ത് നിര്‍മ്മാര്‍ജ്ജനം ഇപ്പോള്‍ മുതലാളിത്തത്തിലേക്കും വര്‍ഗസംഘട്ടനം ഇപ്പോള്‍ ഹിന്ദുത്വ വര്‍ഗീയതയുടെ പക്ഷം ചേരലായും പരിണമിക്കുമ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ വികൃതമായ സ്വന്തം മുഖം കാണാന്‍ കണ്ണാടി നോക്കുന്നത് നല്ലതാണ്.

റഷ്യയിലും ചൈനയിലും മംഗോളിയയിലും കംബോഡിയയിലുമെല്ലാം കോടിക്കണക്കിന് ജനങ്ങളെ പട്ടിണിക്കിട്ടും ഭീകര താണ്ഡവങ്ങളിലൂടെയും കൊന്നൊടുക്കിയ സ്റ്റാലിനും ലെനിനും മാവോയുമെല്ലാം മനുഷ്യരാശിയോട് ചെയ്ത കൊടിയ അപരാധങ്ങള്‍ക്ക് മാപ്പ് പറയാതെ പരിഷ്‌കാരത്തെ കുറിച്ചോ പുരോഗതിയെപ്പറ്റിയോ ഒരക്ഷരം മിണ്ടാന്‍ കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് അവകാശമില്ല.

ഇസ് ലാം വര്‍ഗവിഭജനവും സംഘട്ടനവുമല്ല; പരസ്പര സഹകരണവും അവകാശങ്ങളെയും ബാധ്യതകളെപ്പറ്റിയുമുള്ള ദൈവിക ബോധവുമാണ് മുമ്പോട്ട് വയ്ക്കുന്നത്.

ഇസ് ലാമിന്റെ പോരാട്ടങ്ങള്‍ നീതിക്കുവേണ്ടിയുള്ളതായിരുന്നു. പ്രവാചകനും ഖലീഫമാരും ലോകത്ത് നീതിയും സമത്വവും സ്വാതന്ത്ര്യവും ക്ഷേമവും കൊണ്ടുവന്നതിന് ചരിത്രം സാക്ഷിയാണ്.

സ്ത്രീപുരുഷ സമത്വമല്ല; സൃഷ്ടിപരമായ പ്രത്യേകതയ്ക്കനുസരിച്ചുള്ള പരസ്പര പൂരകമായ സന്തുലിതത്വവും നീതിയുമാണ് ഇസ് ലാം അനുശാസിക്കുന്നത്. ഇസ് ലാം കമ്യൂണിസത്തിന്റെ വൈരുധ്യാധിഷ്ഠിത ഭൗതിക സങ്കല്പത്തിന് തടസ്സമാണെങ്കില്‍ ആരോഗ്യകരമായി തുറന്ന് സംവദിക്കാനാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ തയാറാവേണ്ടത്. അല്ലാതെയുള്ള പരിഹാസപ്രസ്താവനകളെ ഇസ് ലാമിക പണ്ഡിതന്മാര്‍ക്ക് പരമപുഛത്തോടെ മാത്രമേ നോക്കി കാണാനാവൂ.

ഹിന്ദുത്വത്തിന്റെ വെറുപ്പുല്‍പാദന ഫാക്ടറിയിലെ മാനേജര്‍മാരാവുന്ന പണിയില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഒഴിഞ്ഞു നില്‍ക്കണം. അതിന് ആവശ്യമായ വിവേകവും പക്വതയും ഉപദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശ്രമിക്കേണ്ടതുണ്ട്.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.എം ഫത്ഹുദ്ദീന്‍ റഷാദി, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി, വൈസ് പ്രസിഡന്റുമാരായ കെ കെ അബ്ദുല്‍ മജീദ് ഖാസിമി, മുഹമ്മദ് സലീം ഖാസിമി, സെക്രട്ടറിമാരായ നിഷാദ് റഷാദി, സക്കീര്‍ ബാഖവി, അബ്ദുല്‍ ഹാദി മൗലവി,

സംസ്ഥാന സമിതി അംഗങ്ങളായ സലീം കൗസരി, ഹസൈനാര്‍ കൗസരി, സ്വാദിഖ് ഖാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it