Sub Lead

ബിഹാറില്‍ എഐഎംഐഎം നേതാവിനെ വെടിവച്ച് കൊന്നു

മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടു നേതാക്കള്‍

ബിഹാറില്‍ എഐഎംഐഎം നേതാവിനെ വെടിവച്ച് കൊന്നു
X

ഗോപാല്‍ഗഞ്ച്: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍(എഐഎംഐഎം) നേതാവിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. 2022ലെ ഗോപാല്‍ഗഞ്ച് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം എന്ന അസ് ലം മുഖിയയെയാണ് വെടിവച്ചുകൊന്നത്. ട്രെയിന്‍ കയറാന്‍ വേണ്ടി ബന്ധുവിനൊപ്പം പോവുമ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലെത്തിയ നാലുപേരാണ് വെടിയുതിര്‍ത്തത്. വെടിയേറ്റതിനെ തുടര്‍ന്ന് സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഗോപാല്‍ഗഞ്ച് പോലിസ് സൂപ്രണ്ട് സ്വര്‍ണ പ്രഭാത് പറഞ്ഞു. രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, വിവാദരഹിതനും സത്യസന്ധനുമായ നേതാവാണ് അബ്ദുസ്സലാം എന്നും പോലീസ് വിഷയം സമഗ്രമായി അന്വേഷിക്കണമെന്നും എഐഎംഐഎം ബിഹാര്‍ വക്താവ് ആദില്‍ ഹസന്‍ ആസാദ് ആവശ്യപ്പെട്ടു. ബിഹാറില്‍ മൂന്നുമാസത്തിനിടെ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ എഐഎംഐഎം നേതാവാണ് അബ്ദുസ്സലാം. സംഭവത്തില്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനു കാരണം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. 'ഗോപാല്‍ഗഞ്ച് മുന്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും സംസ്ഥാന സെക്രട്ടറിയുമായ അബ്ദുല്‍ സലാം എന്ന അസ് ലം മുഖിയ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നല്‍കട്ടെ എന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഞങ്ങളുടെ സിവാന്‍ ജില്ലാ പ്രസിഡന്റ് ആരിഫ് ജമാല്‍ വെടിയേറ്റ് മരിച്ചു. നിതീഷ്‌കുമാര്‍ കസേര സംരക്ഷിക്കാനുള്ള മല്‍സരം പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് ജോലി ചെയ്യുക. എന്തുകൊണ്ടാണ് നമ്മുടെ നേതാക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നത്? അവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമോ?' എന്നായിരുന്നു ഉവൈസിയുടെ ട്വീറ്റ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിവാന്‍ ജില്ലയില്‍ എഐഎംഐഎം ജില്ലാ പ്രസിഡന്റ് ആരിഫ് ജമാലിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊന്നിരുന്നു. കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it