Sub Lead

അധികാര ദുര്‍വിനിയോഗം: യോഗി അമിത് ഷായെ മറികടക്കുന്നു- എസ് ഡിപിഐ

രാഹുലിനും പ്രിയങ്കക്കും എതിരായ കൈയേറ്റം അപലപനീയം

അധികാര ദുര്‍വിനിയോഗം: യോഗി അമിത് ഷായെ മറികടക്കുന്നു-  എസ് ഡിപിഐ
X

ന്യൂഡല്‍ഹി: അധികാര ദുര്‍വിനിയോഗത്തിലും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിലും യോഗി അമിത് ഷായെ മറികടക്കുകയാണെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഉത്തര്‍പ്രദേശില്‍ അധികാര ദുര്‍വിനിയോഗവും അധാര്‍മികതയും അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഹാഥ്‌റസില്‍ കൂട്ട ബലാല്‍സംഘത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്ത നടപടിയാണ്. യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ജനാധിപത്യ വിരുദ്ധ സര്‍ക്കാരിന്റെ ഈ ഭീരുത്വം അപലപനീയമാണ്.

ഡല്‍ഹി യുപി ദേശീയപാതയില്‍ രാഹുലിന്റെയും പ്രിയങ്കയുടെയും സംഘത്തെ പോലിസ് തടയുകയായരുന്നു. 19 കാരിയായ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനും ആശ്വസിപ്പിക്കാനുമാണ് അവര്‍ ഹാഥ്‌റസിലേക്ക് പോയത്. നാല് സവര്‍ണ യുവാക്കള്‍ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്യുകയും നാവ് മുറിക്കുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പോലും കുടുംബത്തെ അനുവദിക്കാതെ മൃതദേഹം അധികൃതര്‍ സംസ്‌കരിക്കുകയായിരുന്നു. പ്രദേശത്തേക്കു പോവാന്‍ പോലിസ് വിസമ്മതിച്ചപ്പോള്‍ രാഹുലും പ്രിയങ്കയും അനുയായികളോടൊപ്പം റോഡില്‍ ഇരുന്നു. രാഹുല്‍ ഗാന്ധിയെ പോലിസ് തള്ളിയിടുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു.

സംഘപരിവാര ഫാഷിസ്റ്റുകള്‍ വിയോജന ശബ്ദങ്ങളോടും ജനാധിപത്യ തത്വങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുകയാണ്. കൈയ്യൂക്കാണ് അവരുടെ പ്രത്യയശാസ്ത്രം. കൂട്ടമാനഭംഗവും സ്ത്രീകള്‍ക്കെതിരായ ആക്രമണവും യുപിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ ബല്‍റാംപൂരില്‍ മറ്റൊരു ദലിത് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. തെളിവുകളൊന്നും ലഭിക്കാതിരിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്താതെ അവളുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചു. കുറ്റവാളികള്‍ സംസ്ഥാനത്ത് സ്വതന്ത്രമായി വിലസുകയാണ്. യോഗി ഭരണത്തില്‍ രാജ്യത്തിന്റെ ക്രിമിനല്‍ തലസ്ഥാനമായിരിക്കുകയാണ് യുപി. രാഹുലോ പ്രിയങ്കയോ അവരുടെ അനുയായികളോ ഒരു അക്രമത്തിലും കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിരുന്നില്ല. കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അവര്‍ സമാധാനപരമായി യാത്ര ചെയ്യുകയായിരുന്നു. സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശം ഇന്ത്യയുടെ ജനാധിപത്യ ഭരണഘടന ഉറപ്പുനല്‍കുന്നു. ഈ അവകാശം പോലും മോദി സര്‍ക്കാരിനു കീഴില്‍ കടുത്ത ഭീഷണിയിലാണ്.

നീതിയുടെ അവസാന പ്രതീക്ഷയായി ജനങ്ങള്‍ ഇതുവരെ വിശ്വസിച്ചിരുന്ന ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയില്‍ നിന്ന് പോലും നീതി പ്രതീക്ഷിക്കാനാവാത്ത സാഹചര്യത്തില്‍ ഫാഷിസ്റ്റ് സ്വേച്ഛാതിപത്യത്തിനെതിരായി രാജ്യത്തെ ജനങ്ങളുടെ യോജിച്ച ചെറുത്തുനില്‍പ്പ് മാത്രമാണ് ഏക പരിഹാരം. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഹുലിനെപ്പോലെയുള്ള നേതാക്കളെ പോലും ഇത്രയും നിന്ദ്യമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ പ്രത്യേകാവകാശങ്ങളൊന്നുമില്ലാത്ത ഒരു സാധാരണക്കാരനെ ഫാഷിസ്റ്റ് സര്‍ക്കാര്‍ എങ്ങനെ പരിഗണിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. യുപി പോലിസിന്റെ ക്രൂരകൃത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളോടും ഫൈസി അഭ്യര്‍ത്ഥിച്ചു. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

Abuse of power: Yogi overtakes Amit Shah-SDPI




Next Story

RELATED STORIES

Share it