ഇലക്‌ട്രോണിക് വോട്ടിങ് യന്ത്ര നിര്‍മാണം: ചെലവിടുന്നത് റെക്കോഡ് തുക

ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടിയാണ് കൂട്ടത്തോടെ ഇവിഎമ്മുകളും വിവിപാറ്റ് മെഷീനുകളും ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്ര നിര്‍മാണം: ചെലവിടുന്നത് റെക്കോഡ് തുക

ഹൈദരാബാദ്: ക്രമക്കേട് ആരോപണങ്ങളും ഹാക്കിങ് വിവാദവും കൊഴുക്കുമ്പോഴും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്ര നിര്‍മാണത്തിനു ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊടിക്കുന്നത് കോടികള്‍. 53 വര്‍ഷത്തിനിടെ ഏറ്റവും വലിയ റെക്കോഡ് തുകയാണ് ഇലക്ട്രോണിക്‌സ് വോട്ടിങ് യന്ത്രം വാങ്ങാന്‍ വേണ്ടി ചെലവഴിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുമ്പോഴാണ് വോട്ടിങ് യന്ത്ര നിര്‍മാതാക്കളായ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(ഇസിഐഎല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. പുതിയ എം ത്രി വേര്‍ഷന്‍ ഇവിഎമ്മുകള്‍ക്കും വിവി പാറ്റ് യന്ത്രങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. 2017-18ലെ ഇസിഐഎല്ലിന്റെ മൊത്തം ടേണ്‍ ഓവര്‍ 1275 കോടിയാണെങ്കില്‍ 2018-19 കാലയളവിലേക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1800 കോടിയുടെ ഇവിഎം, വിവിപാറ്റ് യന്ത്രങ്ങളാണു നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ആകെ ടേണ്‍ ഓവര്‍ 2400 കോടിയിലേക്ക് ഉയര്‍ത്തും. 2019ലെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടിയാണ് കൂട്ടത്തോടെ ഇവിഎമ്മുകളും വിവിപാറ്റ് മെഷീനുകളും ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ഇത് ഞങ്ങളുടെ ടേണ്‍ ഓവര്‍ ഈ വര്‍ഷം 2600 കോടിയിലെത്തിക്കുമെന്നും പഴയതു മാറ്റി പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത് വരുമാനം വര്‍ധിപ്പിക്കുമെന്നും ഇസിഐഎല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാ(ബെല്‍)ണ് മറ്റൊരു ഇവിഎം നിര്‍മാതാക്കള്‍. ഇവര്‍ നിര്‍മിച്ച യന്ത്രങ്ങളാണ് തെലങ്കാന തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്.ഇസിഐഎല്‍ സേനയ്ക്കു വേണ്ടിയുള്ള ഫ്യൂസുകള്‍, മിലിറ്ററി റേഡിയോസ്, ജാമ്മര്‍, ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് ആവശ്യമായ ഓട്ടോ കാറ്റലിക് ഡിവൈസുകള്‍ തുടങ്ങിയവയും നിര്‍മിക്കുന്നുണ്ട്. ആണവോര്‍ണ മന്ത്രാലയവുമായി 2017-18ല്‍ 1800 കോടിയുടെ ധാരണാപത്രമാണ് ഒപ്പുവച്ചത്.

RELATED STORIES

Share it
Top