Sub Lead

നാണക്കേടിന്റെ 49 നാള്‍; ശബരിമലയില്‍ മുഖംകുത്തി വീണ് ബിജെപി

പി സി അബ്ദുല്ല

നാണക്കേടിന്റെ 49 നാള്‍; ശബരിമലയില്‍ മുഖംകുത്തി വീണ് ബിജെപി
X

കോഴിക്കോട്: കേരളത്തിന്റെ സമര ചരിത്രത്തില്‍ എക്കാലത്തെയും നാണക്കേടായി മാറിയ ബിജെപിയുടെ സെക്രട്ടേറിയറ്റ് നിരാഹാര സമരത്തിന് ദുരന്ത പര്യവസാനം. നാല്‍പത്തൊന്‍പതാം നാള്‍ ആരാലും ഗൗനിക്കപ്പെടാതെ പരാജയം സ്വയം ഏറ്റുപറഞ്ഞ് ബിജെപി സെക്രട്ടേറിയറ്റ് ഉപവാസ സമരം അവസാനിപ്പിച്ചപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള മോഹങ്ങളിലേക്കു ബാക്കിയായത് കണക്കറ്റ പരിഹാസങ്ങള്‍ മാത്രം. ശബരിമല വിശ്വാസ സംരക്ഷണമെന്ന പേരില്‍ രണ്ടാം വിമോചന സമരം കണക്കെ ബിജെപി കോപ്പുകൂട്ടിയ രാഷ്ട്രീയ നീക്കങ്ങളാണ് പാടേ തകര്‍ന്നടിഞ്ഞത്. ഉന്നയിച്ച ഒരാവശ്യം പോലും പരിഗണിക്കപ്പെടാതെ തന്നെ സെക്രട്ടേറിയറ്റ് സമരം നിര്‍ത്തേണ്ടി വന്നത് സംസ്ഥാന സമര ചരിത്രത്തില്‍ തന്നെ ബിജെപി നേരിട്ട സമാനതകളില്ലാത്ത ജാള്യതയായി. പൊതുസമൂഹവും മാധ്യമങ്ങളും അവഗണിച്ചതിനൊപ്പം പാര്‍ട്ടിയിലെ വിഭാഗീയത കൂടി മൂര്‍ഛിച്ചതോടെ സെക്രട്ടേറിയറ്റ് നിരാഹാര സമരം കേരള ബിജെപിക്ക് ഊരാക്കുടുക്കാവുകയായിരുന്നു.

ഡിസംബര്‍ മൂന്നിനാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി നിരാഹാര സമരമാരംഭിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതടക്കമുള്ളതായിരുന്നു ആവശ്യങ്ങള്‍. 15 ദിവസത്തേക്കായിരുന്നു പ്രഖ്യാപനം. എ എന്‍ രാധാകൃഷ്ണന്‍ പട്ടിണിയും കിടന്നു. റിലേ നിരാഹാരം പോലും അല്ലാതിരുന്ന സമരം മൂന്നുദിവസത്തിനുള്ളില്‍ റിലേയായി. പിന്നെ പരമ്പരയായി. പട്ടിണി കിടക്കാന്‍ ഒന്നാംനിര നേതാക്കളെ കിട്ടാതായപ്പോള്‍ രണ്ടാം നിര, മൂന്നാം നിര നേതാക്കളെയിറക്കി പാര്‍ട്ടി മാനം കാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കോടതി ഇടപെടലില്‍ നിരോധനാജ്ഞ പിന്‍വലിക്കപ്പെടുമെന്നും അങ്ങനെ സാഭിമാനം സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിക്കാമെന്നുമായിരുന്നു ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍ കോടതി കനിയാതായതോടെ ആ പ്രതീക്ഷ പാളി. സുപ്രിംകോടതി പുനപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ദിവസം സമരം നിര്‍ത്തി തലയൂരാമെന്നായിരുന്നു അടുത്ത ചിന്ത. കോടതി കേസ് നീട്ടിയതോടെ അതും നടന്നില്ല. പിന്നീട്, കൊല്ലത്തു വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയത്തില്‍ എന്തെങ്കിലും പ്രഖ്യാപനം നടത്തുമെന്നും അതില്‍ തൂങ്ങി സമരം നിര്‍ത്താനാവുമെന്നും കേരള ബിജെപി മനക്കോട്ട കെട്ടി. എന്നാല്‍, ശബരിമലയെക്കുറിച്ച് ഒരു പിടിവള്ളിയും നല്‍കാതെ, സമരക്കാരെ തിരിഞ്ഞുനോക്കാതെ മോദി വന്നു പോയതോടെ ശ്രീധരന്‍ പിള്ളയുടേയും കൂട്ടരുടേയും അവസാന പ്രതീക്ഷയും അസ്തമിച്ചു. ശനിയാഴ്ച സമരപ്പന്തലിലെത്തിയ ശ്രീധരന്‍ പിള്ള പരാജയമേറ്റു പറയുകയും സമരം നിര്‍ത്തുന്നതായി അറിയിക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ ബിജെപിക്ക് തുടക്കം മുതലേ തൊട്ടതെല്ലാം പിഴക്കുന്നതായിരുന്നു കാഴ്ചകള്‍. ശബരിമല വിഷയം സുവര്‍ണാവസരമാക്കാനിറങ്ങിയ ശ്രീധരന്‍ പിള്ളയുടെ പാര്‍ട്ടിക്ക് കേരളത്തിന്റെ പ്രബുദ്ധ മണ്ണില്‍ ഒന്നിന് പത്ത് തിരിച്ചടികളായി മാറി സംഭവ വികാസങ്ങളത്രയും. ഇടത് വലത് മുന്നണികളെ ഹൈജാക്ക് ചെയ്ത് ശബരിമലയുടെ മറവില്‍ കേരളത്തില്‍ രാഷ്ട്രീയ സ്വീകാര്യത നേടാനുള്ള ബിജെപിയുടെ നീക്കങ്ങളോരോന്നും ആ പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും പരിഹാസ്യമാക്കുകയുമാണ് ചെയ്തത്.





Next Story

RELATED STORIES

Share it