Sub Lead

വിദ്യാര്‍ഥികളെ ജയ് ശ്രീറാം വിളിപ്പിച്ചു, സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി; കര്‍ണാടകയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കെതിരേ കേസ്

വിദ്യാര്‍ഥികളെ ജയ് ശ്രീറാം വിളിപ്പിച്ചു, സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി; കര്‍ണാടകയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കെതിരേ കേസ്
X

മംഗളൂരു: ശ്രീരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന ഹിന്ദുത്വരുടെ ആരോപണത്തെ തുടര്‍ന്ന് സ്‌കൂളില്‍നിന്ന് അധ്യാപികയെ പുറത്താക്കിയതിനു പിന്നാലെ, സ്‌കൂള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതിന് രണ്ട് ബിജെപി എംഎല്‍എമാര്‍ക്കെതിരേ കേസ്. മംഗളൂരുവിലെ സെന്റ് ജെറോസ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡിനെ ഭീഷണിപ്പെടുത്തിയതിനാണ് ബിജെപി എംഎല്‍എമാരായ വേദവ്യാസ് കാമത്ത്, വൈ ഭരത് ഷെട്ടി, മംഗളൂരു സിറ്റി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സന്ദീപ് ഗരോഡി, ഭരത് കുമാര്‍, ബജ്‌റങ്ദള്‍ നേതാവ് ശരണ്‍ പമ്പ്‌വെല്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. ശ്രീരാമന്‍ സാങ്കല്‍പ്പികമാണെന്ന് പറഞ്ഞെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ പ്രതിഷേധവും ഭീഷണിയുമായെത്തിയത്. സെന്റ് ജെറോസ ഇംഗ്ലീഷ് ഹയര്‍ പ്രൈമറി സ്‌കൂളിനു മുന്നില്‍ പ്രതിഷേധിക്കുകയും വിദ്യാര്‍ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു. സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച പോലും നടത്താതെയാണ് പ്രതിഷേധം നടത്തിയതെന്നും സമരത്തിനിടെ ക്രിസ്ത്യന്‍ മതത്തിനെതിരേ മുദ്രാവാക്യം വിളിച്ച് ക്രിസ്ത്യന്‍-ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചതായും സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രതികള്‍ക്കെതിരേ ഐപിസി 143, 153 എ, 295 എ, 505 (2), 506, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപികയുടെ പരാമര്‍ശത്തെ ചൊല്ലിയുള്ള വിവാദവും തുടര്‍ന്നുള്ള ബിജെപി പ്രതിഷേധവും തുടര്‍ന്നതോടെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ദക്ഷിണ കന്നഡ ജില്ലയിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍(ഡിഡിപിഐ) ഡി ആര്‍ നായിക്കിനെ ബെലഗാവിയിലേക്ക് സ്ഥലം മാറ്റി.

ഫെബ്രുവരി എട്ടിന് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ സിസ്റ്റര്‍ പ്രഭ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 'ജോലിയാണ് ആരാധന' എന്ന വിഷയത്തില്‍ ക്ലാസ് നടത്തിയപ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. ഓഡിയോ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപി എംഎല്‍എ വേദവ്യാസ് കാമത്തും മറ്റുള്ളവരും സ്‌കൂളിന് മുന്നിലെത്തി 'ജയ് ശ്രീറാം' വിളിക്കാന്‍ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ കന്നഡ ജില്ലയുടെ സമാധാനവും ഐക്യവും തകര്‍ക്കുന്നതായി സ്‌കൂള്‍ ജീവനക്കാരന്‍ അനില്‍ ജെറാള്‍ഡ് ലോബോ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, പ്രചരിച്ച ഓഡിയോ സന്ദേശങ്ങള്‍ സത്യമല്ലെന്നാണ് സ്‌കൂള്‍ നടത്തിപ്പുകാരായ മംഗലാപുരം രൂപത വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ഓഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാല് രക്ഷിതാക്കള്‍ പ്രധാനാധ്യാപികയെ സമീപിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ഹിന്ദുത്വരെത്തി സ്‌കൂളിനു ചുറ്റും തടിച്ചുകൂടി പ്രതിഷേധിച്ചത്.

Next Story

RELATED STORIES

Share it