Kerala

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം: മന്ത്രി വി ശിവന്‍കുട്ടി, അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം: മന്ത്രി വി ശിവന്‍കുട്ടി, അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു
X

തിരുവനന്തപുരം: കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 13 ന് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമുകളുടെയും വിതരണത്തിനാണ് തുടക്കമാകുന്നത്. ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 12 മണിക്ക് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. വരും അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ 3.5 കോടിയിലധികം പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് വേഗത്തില്‍ പൂര്‍ത്തിയാക്കി വരികയാണ്.

നിലവില്‍ അച്ചടി പൂര്‍ത്തിയായ 79 ലക്ഷം പുസ്തകങ്ങളില്‍ 55 ലക്ഷവും വിതരണത്തിനായി വിവിധ ഹബ്ബുകളില്‍ എത്തിച്ചുകഴിഞ്ഞു. ഫെബ്രുവരി രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന വിതരണം മെയ് മാസത്തില്‍ പൂര്‍ത്തിയാക്കി എല്ലാ പുസ്തകങ്ങളും സ്‌കൂളുകളില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃത്യസമയത്ത് പഠനസാമഗ്രികള്‍ എത്തിച്ച് പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. കേന്ദ്രത്തില്‍ നിന്ന് 1166 കോടി രൂപ ലഭിക്കാനുണ്ട്. എന്നാല്‍ കുട്ടികളുടെ കാര്യമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി യൂണിഫോം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.



15 വര്‍ഷത്തിന് ശേഷം പ്ലസ് വണ്‍ പാഠപുസ്തകങ്ങളില്‍ സമഗ്രമായ പരിഷ്‌കരണം വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല കൊടിമരം പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ലേബര്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it