Top

അമ്മയുടെ ക്രൂരമര്‍ദനമേറ്റ കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരം; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി

കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നെത്തിയ മൂന്നംഗ വിദഗ്ധ മെഡിക്കല്‍ സംഘം കുട്ടിയെ ആശുപത്രിയിലെത്തി പരിശോധിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. ഹാരിസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അമ്മയുടെ ക്രൂരമര്‍ദനമേറ്റ കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരം; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി

കൊച്ചി: ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായ മൂന്നുവയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നെത്തിയ മൂന്നംഗ വിദഗ്ധ മെഡിക്കല്‍ സംഘം കുട്ടിയെ ആശുപത്രിയിലെത്തി പരിശോധിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. ഹാരിസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലെ ചികില്‍സ തുടരാനാണ് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം. തലയോട്ടിക്കും തലച്ചോറിനും പരിക്കേറ്റതിനെത്തുടര്‍ന്ന് കട്ടപിടിച്ച രക്തം മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷമാണ് നീക്കം ചെയ്തത്. എന്നാല്‍, ഇതിനുശേഷവും കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.

48 മണിക്കൂര്‍ വെന്റിലേറ്റര്‍ നിരീക്ഷണത്തിലാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് പ്രവര്‍ത്തനം നിലച്ചുതുടങ്ങി. തലച്ചോറിന്റെ പലഭാഗത്തും ഇപ്പോഴും നീര്‍കെട്ടുണ്ടെന്നും കോട്ടയത്തുനിന്നുള്ള വിദഗ്ധസംഘം കുട്ടിയെ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘം ആരോഗ്യവകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. തലച്ചോറിന്റെ വലതുഭാഗത്തുള്ള പരിക്ക് ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ. എന്‍ ജയദേവ് പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ചികില്‍സയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നുവയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.

കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മയാ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റുചെയ്ത ജാര്‍ഖണ്ഡ് സ്വദേശി ഹെന(28)യെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ വധശ്രമം, ബാലനീതി വകുപ്പുള്‍പ്പടെ ചുമത്തിയിട്ടുണ്ട്. അനുസരണക്കേട് കാണിച്ചതിന് കുട്ടിയെ മര്‍ദിക്കാറുണ്ടെന്ന് ഹെന പോലിസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്.

ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പോലിസ് ബംഗാള്‍ പോലിസിനെ ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പോലിസിന് നല്‍കിയ മൊഴി. അതേസമയം, ചികില്‍സയിലുള്ള മൂന്നുവയസുകാരന്റെ ചികില്‍സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍, കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it