Special

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ആര്‍ക്ക്; ടോപ് ഫോറില്‍ ആര്; പുറത്തേക്ക് ആരൊക്കെ

ആഴ്‌സണലിന്റെ അവസാന എതിരാളി എവര്‍ട്ടണ്‍ ആണ്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ആര്‍ക്ക്; ടോപ് ഫോറില്‍ ആര്; പുറത്തേക്ക് ആരൊക്കെ
X

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടം പോരാട്ടം മാത്രമല്ല ഇത്തവണ ആവേശം വിതയ്ക്കുന്നത്. ടോപ് ഫോറും യൂറോപ്പാ ലീഗ് യോഗ്യതയും റെലഗേഷനും എല്ലാം ഇക്കുറി ആവേശം വാനോളം ഉയര്‍ത്തുന്നതാണ്. എല്ലാത്തിനും ഉത്തരം നല്‍കാന്‍ രണ്ട് റൗണ്ട് മല്‍സരങ്ങള്‍ മാത്രമേ ഉള്ളൂ. പകുതിയോളം ടീമുകള്‍ക്ക് ഒരു റൗണ്ട് മല്‍സരവും.


ആദ്യമായി കിരീടം ആരിലേക്ക് പോവുമെന്ന് നോക്കാം. ലീഗില്‍ അവസാന മല്‍സരം കളിക്കാന്‍ പോവുന്ന ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 90 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 89 പോയിന്റും ഉണ്ട്. സിറ്റിക്കും ലിവര്‍പൂളിനും ഒരു മല്‍സരമാണ് ശേഷിക്കുന്നത്. ലിവര്‍പൂളിന്റെ അവസാന മല്‍സരത്തിലെ എതിരാളി അട്ടിമറി വീരന്‍മാരായ വോള്‍വ്‌സാണ്. വോള്‍വ്‌സ് എട്ടാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി ആസ്റ്റണ്‍ വില്ലയാണ്. ഇരുടീമും അവസാന മല്‍സരത്തില്‍ ജയിച്ചാല്‍ ഒരു പോയിന്റിന്റെ ലീഡില്‍ സിറ്റി കിരീടം നേടും. അവസാന മല്‍സരത്തില്‍ ലിവര്‍പൂള്‍ തോറ്റാല്‍ നാല് പോയിന്റിന്റെ ലീഡില്‍ സിറ്റിക്ക് തന്നെ കിരീടം. അവസാന മല്‍സരത്തില്‍ സിറ്റി വില്ലയോട് തോറ്റാല്‍ കിരീടം ചെമ്പടയ്ക്ക് സ്വന്തമാവും.


ടോപ് ഫോര്‍ പോരാട്ടത്തില്‍ ചെല്‍സി മൂന്നാം സ്ഥാനം ഏകദേശം ഉറപ്പിച്ചതാണ്. ചെല്‍സിക്ക് ലീഗില്‍ ശേഷിക്കുന്നത് രണ്ട് മല്‍സരങ്ങളാണ്. നിലവില്‍ അവര്‍ക്ക് 70 പോയിന്റുണ്ട്. രണ്ടില്‍ ഒരു മല്‍സരം ജയിച്ചാല്‍ ബ്ലൂസിന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാം. ലെസ്റ്റര്‍ സിറ്റിയും വാറ്റ്‌ഫോഡുമാണ് ചെല്‍സിയുടെ രണ്ട് എതിരാളികള്‍. നാലാം സ്ഥാനത്തിനായി രണ്ട് പേര്‍ തമ്മിലാണ് കടുത്ത പോരാട്ടം. ചിരവൈരികളായ ടോട്ടന്‍ഹാമും ആഴ്‌സണലുമാണ് നാലാം സ്ഥാനത്തിന് ഏറ്റുമുട്ടുന്നത്. ഒരു മല്‍സരം ബാക്കി നില്‍ക്കെ ടോട്ടന്‍ഹാമിന് 68 പോയിന്റും ആഴ്‌സണലിന് 66 പോയിന്റുമാണുള്ളത്. ഇരുവരും നാലും അഞ്ചും സ്ഥാനത്ത് നില്‍ക്കുകയാണ്. ടോട്ടന്‍ഹാമിന്റെ അവസാന എതിരാളി നോര്‍വിച്ചാണ്. അവസാന സ്ഥാനത്ത് നില്‍ക്കുന്ന നോര്‍വിച്ച് ലീഗില്‍ നിന്നും പുറത്തായതാണ്. നോര്‍വിച്ചിനെതിരേ അനായാസ ജയവുമായി ടോട്ടന്‍ഹാം ടോപ് ഫോറില്‍ നിലയുറപ്പിക്കാനാണ് സാധ്യത.


ആഴ്‌സണലിന്റെ അവസാന എതിരാളി എവര്‍ട്ടണ്‍ ആണ്. ലീഗില്‍ 16ാം സ്ഥാനത്ത് നില്‍ക്കുന്ന എവര്‍ട്ടണും ജയിച്ചേ മതിയാവൂ. ലീഗില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. യുനൈറ്റഡിന് യൂറോപ്പാ ലീഗ് യോഗ്യത ലഭിക്കുമോ എന്നറിയാന്‍ അവസാന മല്‍സരം വരെ കാത്തിരിക്കണം. യുനൈറ്റഡിന്റെ അവസാന മല്‍സരം ക്രിസ്റ്റല്‍ പാലസിനെതിരേ 22നാണ്.


ഏഴും എട്ടും സ്ഥാനത്ത് നില്‍ക്കുന്നത് വെസ്റ്റ്ഹാമും വോള്‍വ്‌സുമാണ്. നോര്‍വിച്ചും വാറ്റ്‌ഫോഡുമാണ് ലീഗില്‍ നിന്ന് പുറത്തായി ചാംപ്യന്‍ഷിപ്പിലേക്ക് വീണത്. 18ാം സ്ഥാനത്ത് ബേണ്‍ലിയാണുള്ളത്. എവര്‍ട്ടണ്‍, ലീഡ്‌സ്, ബേണ്‍ലി എന്നീ മൂന്ന് പേരില്‍ ഒരു ടീം കൂടി പുറത്താവും. എവര്‍ട്ടണ് 36 ഉം ലീഡ്‌സിന് 35ഉം ബേണ്‍ലിക്ക് 34ഉം പോയിന്റാണുള്ളത്. എവര്‍ട്ടണും ബേണ്‍ലിക്ക് ലീഗില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. എവര്‍ട്ടണ്‍ന്റെ ആദ്യ എതിരാളി ക്രിസ്റ്റല്‍ പാലസും രണ്ടാമത്തെ എതിരാളി ആഴ്‌സണലുമാണ്. ഒരു മല്‍സരം മാത്രം ബാക്കിയായി 17ാം സ്ഥാനത്ത് നില്‍ക്കുന്ന ലീഡ്‌സിന്റെ അവസാന ദിവസത്തെ എതിരാളി ബ്രന്റ്‌ഫോര്‍ഡ് ആണ്. 18ാമതുള്ള ബേണ്‍ലിയുടെ എതിരാളികള്‍ ആസ്റ്റണ്‍ വില്ലയും ന്യുകാസില്‍ യുനൈറ്റഡുമാണ്. ലീഗില്‍ നിന്ന് പുറത്താവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം ബേണ്‍ലി തന്നെയാണ്.




Next Story

RELATED STORIES

Share it