Special

ലോക ഫുട്‌ബോള്‍ രാജക്കന്‍മാര്‍ക്ക് ഇക്കുറി ലീഗ് കിരീടമില്ല

പരിക്കിനെ തുടര്‍ന്ന് നിരവധി മല്‍സരങ്ങള്‍ നെയ്മറിന് നഷ്ടമായിരുന്നു. ഇതുതന്നെയാണ് താരത്തിനും പിഎസ്ജിക്കും തിരിച്ചടിയായത്.

ലോക ഫുട്‌ബോള്‍ രാജക്കന്‍മാര്‍ക്ക് ഇക്കുറി ലീഗ് കിരീടമില്ല
X




പാരിസ്: ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍. മൂന്ന് ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ക്കും ഇക്കുറി ലീഗ് കിരീടം നേടാനായില്ല. വ്യക്തി ഗതാ നേട്ടങ്ങള്‍ താരങ്ങള്‍ ഇത്തവണ ഒരുപാട് നേടിയെങ്കിലും ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ മൂവര്‍ക്കും ആയില്ല.


10 വര്‍ഷത്തോളം ഇറ്റലിയില്‍ ആധിപത്യം ഉണ്ടായിരുന്ന യുവന്റസ് ഇത്തവണ കിരീടം കൈവിട്ട് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്. ഇന്റര്‍മിലാനാണ് ഇവിടെ കിരീടം നേടിയത്. 29 ഗോളുമായി റൊണാള്‍ഡോ ടോപ് സ്‌കോറര്‍ ആയി. സ്‌പെയിനില്‍ കഴിഞ്ഞ തവണയും ഇത്തവണയും ബാഴ്‌സലോണ കിരീടം കൈവിട്ടു. ഇത്തവണ അവര്‍ മൂന്നാമതാണ് ഫിനിഷ് ചെയ്ത്. 30 ഗോളുമായി മെസ്സി ടോപ് സ്‌കോറര്‍ ആയി. ലീഗില്‍ ഉടനീളം താരം മിന്നും പ്രകടനവും കാഴ്ചവച്ചു. പിഎസ്ജിയുടെ എട്ട് വര്‍ഷത്തെ സമഗ്രാധിപത്യത്തിന് വിരാമമിട്ടാണ് ലില്ലെ ഇന്ന് ഫ്രാന്‍സില്‍ ലീഗ് വണ്‍ കിരീടം നേടിയത്. നെയ്മര്‍ ലീഗില്‍ ഇത്തവണ ഒമ്പത് ഗോളാണ് നേടിയത്. അഞ്ച് അസിസ്റ്റും. ചാംപ്യന്‍സ് ലീഗില്‍ താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ലീഗില്‍ അവര്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് വീണത്. 26 ഗോളുമായി കിലിയന്‍ എംബാപ്പെയാണ് ലീഗിലെ ടോപ് സ്‌കോറര്‍.


മെസ്സിയുടെ കീഴില്‍ ബാഴ്‌സലോണ കോപ്പാ ഡെല്‍ റേ കിരീടം മാത്രമാണ് ഇത്തവണ നേടിയത്. യുവന്റസ് കോപ്പാ ഇറ്റാലിയയും സൂപ്പര്‍ കോപ്പയും നേടി. അവരുടെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള പോരാട്ടവും കടുത്തതായിരുന്നു. കഷ്ടിച്ചാണ് യോഗ്യത നേടിയതും. പിഎസ്ജി ഫ്രഞ്ച് കപ്പും ട്രോഫി ഡേ ചാംപ്യന്‍സും നേടി . സൂപ്പര്‍ കോപ്പയില്‍ തോറ്റ ബാഴ്‌സ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറിലും പുറത്തായി. യുവന്റസും ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചാംപ്യന്‍സ് ലീഗില്‍ സെമി ഫൈനലില്‍ പ്രവേശിച്ചതാണ് പിഎസ്ജിയുടെ നേട്ടം. മെസ്സിയും റൊണാള്‍ഡോയും വ്യക്തിഗതാ നേട്ടങ്ങള്‍ കൂടുതല്‍ സ്വന്തമാക്കി. എന്നാല്‍ നെയ്മറുടെ പിഎസ്ജിക്കാണ് ഇക്കുറി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനായത്. നിരവധി മല്‍സരങ്ങളില്‍ നെയ്മര്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് നിരവധി മല്‍സരങ്ങള്‍ നെയ്മറിന് നഷ്ടമായിരുന്നു. ഇതുതന്നെയാണ് താരത്തിനും പിഎസ്ജിക്കും തിരിച്ചടിയായത്.


ലീഗിലെ അവസാന മല്‍സരത്തില്‍ നിന്ന് മെസ്സി സ്വയം മാറിനിന്നിരുന്നു. റൊണാള്‍ഡോയെ ആവട്ടെ കോച്ച് പിര്‍ളോ അവസാന മല്‍സരത്തില്‍ പുറത്തിരുത്തി.റൊണാള്‍ഡോയുടെ അസാന്നിധ്യത്തില്‍ ടീം മികച്ച ജയം നേടുകയും ചെയ്തു. അവസാന മല്‍സരത്തില്‍ നെയ്മറിന് മഞ്ഞകാര്‍ഡും ലഭിച്ചിരുന്നു. നിലവില്‍ ഈ സീസണിലെ ടോപ് സ്‌കോറര്‍ ആയ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് നേട്ടങ്ങള്‍ കൊയ്ത മറ്റൊരു താരം. ബയേണ്‍ മ്യൂണിക്കിനായി 41 ഗോള്‍ നേടിയ ലെവന്‍ഡോസ്‌കി ലീഗ് കിരീടം, ഡിഎഫ്എല്‍ സൂപ്പര്‍ കപ്പ്, ഫിഫാ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയും നേടിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.


ക്ലബ്ബിനായി വേണ്ടത്ര കിരീടങ്ങള്‍ നേടാന്‍ കഴിയാത്ത മെസ്സിയും റൊണാള്‍ഡോയും അടുത്ത സീസണിലും ക്ലബ്ബില്‍ തുടരാമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. യുവന്റസിന് റൊണാള്‍ഡോയെ വില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മെസ്സിയെ വിട്ടുകൊടുക്കാന്‍ ബാഴ്‌സയ്ക്ക് താല്‍പ്പര്യമില്ല. നെയ്മറാവട്ടെ പിഎസ്ജിയിലെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടിയിരുന്നു. വരുന്നു സീസണില്‍ താരരാജക്കന്‍മാര്‍ നിലവിലെ ടീമില്‍ തുടരുമോ അതോ കിരീട സാധ്യതയുള്ള ടീമുകളിലേക്ക് ചേക്കേറുമോ എന്ന് കണ്ടറിയാം.





Next Story

RELATED STORIES

Share it