Latest News

ലഡാക്കിന് സംസ്ഥാന പദവി ഇല്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ലഡാക്കിന് സംസ്ഥാന പദവി ഇല്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം
X

ന്യൂഡല്‍ഹി: ലഡാക്കിന് സംസ്ഥാന പദവിയോ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പദവിയോ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലേ അപെക്‌സ് ബോഡി (എല്‍എബി), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ) എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. സംസ്ഥാന പദവിക്ക് പകരമായി ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഈ സംവിധാനപ്രകാരം, ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ (എല്‍എഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കാനാണ് നിര്‍ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങളോ സ്വതന്ത്രാവകാശങ്ങളോ ഇതിലൂടെ ലഭ്യമാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ നിര്‍ദേശം എല്‍എബിയും കെഡിഎയും തള്ളിക്കളഞ്ഞു. സംസ്ഥാന പദവിയിലേക്കുള്ള നീക്കത്തിന് പകരം പരിമിത അധികാരങ്ങളുള്ള കൗണ്‍സില്‍ സംവിധാനമെന്നത് ജനാഭിലാഷങ്ങളെ അവഗണിക്കുന്ന നടപടിയാണെന്നാണ് സംഘടനങ്ങളുടെ പ്രതികരണം. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സ്വയംഭരണ അധികാരങ്ങള്‍ ഉറപ്പാക്കുക, സംസ്ഥാന പദവി നല്‍കുക, സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കുക, സംഘര്‍ഷങ്ങളിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രാദേശിക സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. ലഡാക്കിലെ ജനസംഖ്യയുടെ ഏകദേശം 97 ശതമാനം ഗോത്രവര്‍ഗക്കാരാണെന്നാണ് കണക്ക്. പരിസ്ഥിതി സംരക്ഷണവും തനതായ സംസ്‌കാര സംരക്ഷണവും ഉറപ്പാക്കുന്നതിനായി ആറാം ഷെഡ്യൂള്‍ പദവി അനിവാര്യമാണെന്നാണ് പ്രാദേശിക നേതാക്കളുടെ വാദം.

സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബര്‍ 24നു ലേ നഗരത്തില്‍ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പോലിസ് ഇടപെട്ടതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം നിലവില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണ്.

Next Story

RELATED STORIES

Share it