Special

ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന് ഡെന്‍മാര്‍ക്ക് യൂറോയോട് വിട ചൊല്ലി

1992ന് ശേഷം അവര്‍ വീണ്ടും യൂറോ കപ്പില്‍ മുത്തമിടുമെന്ന ആരാധകരുടെ ആഗ്രഹം കൊടുമുടിയിലെത്തിയിരുന്നു.

ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന് ഡെന്‍മാര്‍ക്ക് യൂറോയോട് വിട ചൊല്ലി
X


വെംബ്ലി: ഈ യൂറോ കപ്പില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പുതുചരിത്രം തീര്‍ത്ത ടീമാണ് ഡെന്‍മാര്‍ക്ക്. ആരും പ്രതീക്ഷാത്ത മുന്നേറ്റവുമായാണ് അവര്‍ കുതിച്ചത്.സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ യൂറോയിലെ ആദ്യമല്‍സരത്തില്‍ കുഴഞ്ഞുവീഴുന്നു. താരത്തിന്റെ മരണം മുഖാമുഖം കണ്ട നിമിഷങ്ങള്‍. സഹതാരങ്ങളും ലോകഫുട്‌ബോള്‍ പ്രേമികളും എറിക്‌സണായി പ്രാര്‍ത്ഥിക്കുന്നു. ഫിന്‍ലാന്റിനെതിരായി മല്‍സരത്തില്‍ തകര്‍ന്ന ഡെന്‍മാര്‍ക്ക് ഒരു ഗോളിന് തോല്‍ക്കുന്നു.രണ്ടാം മല്‍സരത്തില്‍ കരുത്തരായ ബെല്‍ജിയത്തോടും 2-1ന് തോല്‍വി.


എന്നാല്‍ അവസാന മല്‍സരത്തില്‍ റഷ്യയോട് 4-1ന്റെ വന്‍ ജയം. ഏതൊരു ടീമും ആഗ്രഹിക്കുന്ന തിരിച്ചുവരവ്. തുടര്‍ന്ന് ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയത്തിനൊപ്പം പ്രീക്വാര്‍ട്ടറിലേക്ക്. ഇവിടെ തുടങ്ങുന്ന ഡാനിഷ് തേരോട്ടം. പ്രീക്വാര്‍ട്ടറില്‍ വമ്പന്‍ മാരായ വെയ്ല്‍സിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി പിന്നെ ക്വാര്‍ട്ടറിലേക്ക്. കാസ്പര്‍ ഡോള്‍ബെര്‍ഗ്, ജോക്വിം മെലയ്‌ലെ, മാര്‍ട്ടിന്‍ ബ്രെയ്ത്ത് വൈറ്റ്് എന്നിവരുടെ ഗോള്‍ മികവിലാണ് ഡെന്‍മാര്‍ക്ക് വെയ്ല്‍സ് കടമ്പ കടന്നത്. ഓരോ മല്‍സരങ്ങള്‍ കഴിയുമ്പോഴും ആരാധകരുടെ ഇഷ്ടടീമായാണ് ഡെന്‍മാര്‍ക്ക് കുതിച്ചത്. അട്ടിമറി വീരന്‍മാരായ ഡെന്‍മാര്‍ക്കിനെ പിടിച്ച് കെട്ടാന്‍ കഴിയാതെ വന്നു.


ഡെന്‍മാര്‍ക്കിന്റെ അടുത്ത ഇര ചെക്ക് റിപ്പബ്ലിക്കായിരുന്നു. തുല്യ ശക്തികളുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 2-1നാണ് ഡെന്‍മാര്‍ക്ക് ജയിച്ചത്. ഈ മല്‍സരത്തില്‍ കാസ്‌പെര്‍ ഡോല്‍ബെര്‍ഗ് ഗോള്‍ നേടി. മറ്റൊരു ഗോള്‍ തോമസ് ഡെലേനിയുടെ വകയും. ആരെയും വീഴ്ത്താനുള്ള പോരാട്ടവീര്യമാണ് ഡെന്‍മാര്‍ക്കിനുണ്ടായിരുന്നത്. 1992ന് ശേഷം അവര്‍ വീണ്ടും യൂറോ കപ്പില്‍ മുത്തമിടുമെന്ന ആരാധകരുടെ ആഗ്രഹം കൊടുമുടിയിലെത്തിയിരുന്നു.


പിന്നീടുള്ള സെമി പോരാട്ടം ടോപ് ഗിയറിലുള്ള ഇംഗ്ലണ്ടിനെതിരേ. ആരാധക പിന്തുണയുള്ള ഇംഗ്ലണ്ടിന്റെ സ്വന്തം വെംബ്ലിയില്‍ അവര്‍ക്ക് പിഴച്ചു. എക്‌സ്ട്രാടൈമിലേക്ക് നീണ്ട മല്‍സരത്തില്‍ ഡാനിഷ് വന്‍ മതില്‍ തകര്‍ത്ത് ഇംഗ്ലണ്ട് 2-1ന് ഫൈനലിലേക്ക് കുതിച്ചു. സെമിയില്‍ അവര്‍ക്ക് വിനയായത് സ്വന്തം ക്യാപ്റ്റന്റെ സെല്‍ഫ് ഗോള്‍. കൂടെ സ്‌റ്റെര്‍ലിങിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂലമായ പെനാല്‍റ്റിയും.സെമിയില്‍ കാലിടറിയെങ്കിലും ആരാധകര്‍ക്ക് ഈ യൂറോയില്‍ സ്വപ്‌ന തുല്യമായ അപൂര്‍വ്വ നിമിഷങ്ങള്‍ നല്‍കിയാണ് ഡെന്‍മാര്‍ക്ക് പടിയിറങ്ങിയത്. ലോക ഫുട്‌ബോളില്‍ കത്തിനില്‍ക്കുന്ന മിന്നും താരങ്ങള്‍ക്കൊപ്പം പ്രത്യേക സ്ഥാനം നേടാനും ഡാനിഷ് പടയ്ക്കായി. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അവര്‍ വമ്പന്‍മാരായ സ്‌പെയിനിനെ നേരിടും. എറികസണ്‍ന്റെ വീഴ്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഡെന്‍മാര്‍ക്ക് അവരുടെ പോരാട്ടം അവസാനിപ്പിച്ചത് ഫുട്‌ബോളിന്റെ മറ്റൊരു ഈറ്റില്ലമായ വെംബ്ലിയിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു.




Next Story

RELATED STORIES

Share it