Football

യുഎഇയുടെ വലനിറച്ച് ഖത്തര്‍ ചരിത്ര ഫൈനലില്‍

യുഎഇയുടെ വലനിറച്ച്  ഖത്തര്‍ ചരിത്ര ഫൈനലില്‍
X

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഖത്തറിന് ഉജ്ജ്വല ജയത്തോടെ ഫൈനല്‍ പ്രവേശനം. സെമിഫൈനലില്‍ യുഎഇയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് എമിറേറ്റ്‌സിന്റെ മണ്ണില്‍ ഖത്തര്‍ തകര്‍ത്തത്. ഇതോടെ ഫെനലിലേക്ക് കടന്ന ഖത്തര്‍ ജപ്പാനുമായി ഏറ്റുമുട്ടും. ഇന്നലെ മുഹമ്മദ് ബിന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഖത്തറിന് നേരിടാനുണ്ടായിരുന്ന വെറും ഗ്രൗണ്ടില്‍ ഇറങ്ങിയ 11 യുഎഇ താരങ്ങളെ മാത്രമായിരുന്നില്ല. ഇമാറത്തിന്റെ മുഴുവന്‍ ജനത്തെയും കൂടിയായിരുന്നു.

യുഎഇയില്‍ വച്ച് നടന്ന യുഎഇ ആരാധകര്‍ മാത്രം ഗാലറിയില്‍ നിറഞ്ഞതായിരുന്നു ഏഷ്യന്‍ കപ്പ് സെമിഫൈനല്‍. ഖത്തറിന്റെ ചരിത്രത്തിലെ ആദ്യ ഏഷ്യന്‍ കപ്പ് ഫൈനലാണിത്. കളിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ ഇരു രാജ്യങ്ങള്‍ക്ക് ഇടയിലും ഉള്ള രാഷ്ട്രീയം ഖത്തറിന് വലിയ പ്രശ്‌നമായിരുന്നു. ഒപ്പം മുഴുവന്‍ ടിക്കറ്റുകളും സ്വദേശികള്‍ക്ക് മാത്രമായി യുഎഇ നല്‍കിയതും വിവാദങ്ങള്‍ ഉണ്ടാക്കി. മുഴുവന്‍ യുഎഇ ആരാധകര്‍ മാത്രം നിറഞ്ഞ സ്‌റ്റേഡിയത്തിലാണ് ഖത്തര്‍ തങ്ങളുടെ വിജയം സ്വന്തമാക്കിയത്. കളിയുടെ 22ാം മിനുട്ടില്‍ ബൗആലം ഖൗകിയാണ് സ്‌റ്റേഡിയത്തെ മുഴുവന്‍ നിശ്ബദരാക്കി ആദ്യ ഗോള്‍ നേടിയത്. ഖൗകിയുടെ ഷോട്ട് യുഎഇ ഗോള്‍ കീപ്പറുടെ ജഡ്ജ്‌മെന്റ് പിഴവില്‍ വലയിലേക്ക് കയറുകയായിരുന്നു.

37ാം മിനിറ്റില്‍ അല്‍മോസ് അലിയുടെ ഖത്തര്‍ കളിയിലെ രണ്ടാംഗോളും നേടി. ഒരു ഗംഭീര സ്‌ട്രൈക്കിലൂടെ ആയിരുന്നു അല്‍ മോസിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ യുഎഇ മെച്ചപ്പെട്ട കളി കാഴ്ചവച്ചെങ്കിലും ഗോള്‍ നേടാനോ കളിയിലേക്ക് തിരിച്ചുവരാനോ അവര്‍ക്കായില്ല. 80ാം മിനുട്ടില്‍ വീണ്ടും ഖത്തറിന് അനുകൂലമായ അവസരം മുതലെടുത്ത് ഗോള്‍ കീപ്പറെ ചിപ്പ് ചെയ്ത ഫിനിഷിലൂടെ ഹസ്സന്‍ അല്‍ ഹയ്‌ദോസ് ഖത്തറിന്റെ മൂന്നാം ഗോളും നേടി. ആ ഗോള്‍ ഖത്തറിന്റെ ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. കളിയുടെ അവസാനം പരുക്കന്‍ കളി കളിച്ച് ചുവപ്പ് കാര്‍ഡ് വാങ്ങി യുഎഇ 10 പേരായി ചുരുങ്ങുകയും ചെയ്തു. അവസാനമായി 93ാം മിനിറ്റില്‍ അഹ്മദ് ഇസ്മായേലിലൂടെ ഖത്തര്‍ നാലാം ഗോളും നേടി യുഎഇയെ തകര്‍ത്തു തരിപ്പണമാക്കി. ഈ ടൂര്‍ണമെന്റില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ 16 ഗോളുകള്‍ നേടിയ ഖത്തര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല എന്നത് അവരുടെ കരുത്ത് വ്യക്തമാക്കുന്നു. ഇന്നലെ ഇറാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ജപ്പാന്‍ ഫൈനലില്‍ എത്തിയത്.

Next Story

RELATED STORIES

Share it