Football

മെസി നവംബറില്‍ കേരളത്തില്‍ വരില്ല, മുഖ്യ സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചു

നവംബറില്‍ അര്‍ജന്റീനയുടെ മല്‍സരം അങ്കോളയില്‍ മാത്രം, ഫിഫ അനുമതി ലഭിക്കാന്‍ കാലതാമസം

മെസി നവംബറില്‍ കേരളത്തില്‍ വരില്ല, മുഖ്യ സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചു
X

കൊച്ചി: ലോകകപ്പ് ജേതാക്കളായ ലയണല്‍ മെസിയുടേയും അര്‍ജന്റീന ടീമിന്റെയും കേരള സന്ദര്‍ശനനത്തില്‍ വീണ്ടും അനിശ്ചിതത്വം. നവംബറില്‍ അര്‍ജന്റീന ടീമിന്റെ മല്‍സരം അങ്കോളയില്‍ മാത്രമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നവംബര്‍ വിന്‍ഡോയില്‍ അര്‍ജന്റീന ഒരേയൊരു മല്‍സരം മാത്രമേ കളിക്കുകയെന്നും അങ്കോളയിലെ മല്‍സരത്തിനുശേഷം ടീം അര്‍ജന്റീനയില്‍ തിരിച്ചെത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ കേരളത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും രേഖപ്പെടുത്തിയിട്ടില്ല.

അര്‍ജന്റീന കൊച്ചിയില്‍ വന്ന് ഓസ്‌ട്രേലിയയുമായി നവംബര്‍ 17ന് സൗഹൃദ മല്‍സരം കളിക്കുമെന്നാണ് സ്‌പോണ്‍സര്‍മാരും സംസ്ഥാന സര്‍ക്കാരും മുമ്പ് പറഞ്ഞിരുന്നത്. മെസി തന്നെ വിശദീകരിക്കുന്ന യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടുന്നത് കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളാണ്. അതേസമയം, നാലാമതൊരു നഗരം കൂടി സന്ദര്‍ശിക്കാനുള്ള സാധ്യത പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിരുന്നു.

നവംബറില്‍ സ്‌പെയിനിലേക്കാവും അര്‍ജന്റീന ആദ്യം പോവുക. സ്‌പെയിനില്‍ അര്‍ജന്റീനക്ക് പരിശീലനമുണ്ട്. അതിനു ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയില്‍ സൗഹൃദമല്‍സരം കളിക്കും. അതിനു ശേഷം സ്‌പെയിനിലേക്ക് തിരിച്ചെത്തുന്ന അര്‍ജന്റീന നവംബര്‍ 18 വരെ പരിശീലനം തുടരും. നവംബര്‍ 18 വരെയാണ് സൗഹൃദമല്‍സരങ്ങള്‍ക്കായി ഫിഫയുടെ വിന്‍ഡോയുള്ളത്. ഇതോടെ ഈ വര്‍ഷം നവംബറില്‍ അര്‍ജന്റീന കേരളത്തില്‍ വരില്ല. അതേസമയം, ആസ്‌ട്രേലിയയും അവരുടെ നവംബറിലെ മല്‍സരക്രമം പുറത്തുവിട്ടിട്ടുണ്ട്. നവംബറില്‍ മല്‍സരങ്ങള്‍ക്കായി ആസ്‌ട്രേലിയ യു എസിലേക്കാവും പറക്കുക. വെനസ്വേലക്കെതിരെ നവംബര്‍ 14നാണ് ആസ്‌ട്രേലിയയുടെ ആദ്യമല്‍സരം. നവംബര്‍ 18ന് കൊളംബിയക്കെതിരെയാണ് ആസ്‌ട്രേലിയയുടെ രണ്ടാം മല്‍സരം.

2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അര്‍ജന്റീനയുടെ മല്‍സരത്തിന് കൊച്ചി കലൂര്‍ അന്താരഷ്ട്ര സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചത്. അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കൊച്ചി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ കലൂര്‍ അന്താരഷ്ട്ര സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. കേരളത്തിലെത്തുന്ന അര്‍ജന്റീന ടീമിന്റെ വിവരങ്ങള്‍ സ്‌പോണ്‍സര്‍മാര്‍ കഴിഞ്ഞ ദിവസം പങ്കുവെക്കുകയും ചെയ്തിരുന്നു. ഫിഫയുടെ നവംബര്‍ വിന്‍ഡോ കഴിഞ്ഞുള്ള വിന്‍ഡോയിലാകും അര്‍ജന്റീന കേരളത്തിലെത്തുക.

Next Story

RELATED STORIES

Share it