Football

ബാഴ്‌സയില്‍ വന്‍ അഴിച്ചുപണി; 10 താരങ്ങള്‍ പുറത്തേക്ക്

മെസ്സിയെ പോലെയുള്ള താരങ്ങള്‍ ക്ലബ്ബ് വിട്ടാലും ബാഴ്‌സയുടെ പേര് എക്കാലവും നിലനിര്‍ത്താന്‍ പറ്റിയ താരങ്ങളെയാണ് ബാഴ്‌സ വിലക്കെടുക്കാന്‍ പോവുന്നത്

ബാഴ്‌സയില്‍ വന്‍ അഴിച്ചുപണി; 10 താരങ്ങള്‍ പുറത്തേക്ക്
X

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് സെമിയില്‍ പുറത്തായതിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ വന്‍ അഴിച്ചുപണി. കിരീടമുറപ്പിച്ച ബാഴ്‌സയെ നിലംപരിശാക്കി ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചത് ബാഴ്‌സ ക്യാംപിനെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെയാണ് കോച്ച് വാല്‍വെര്‍ഡിനൊപ്പം വമ്പന്‍ അഴിച്ചുപണിക്ക് ക്ലബ്ബ് അധികൃതര്‍ തയ്യാറെടുക്കുന്നത്. അടുത്ത സീസണില്‍ ഏതു വിധേനെയും ചാംപ്യന്‍സ് ലീഗ് കിരീടം ബാഴ്‌സയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ക്ക് ബാഴ്‌സ തുടക്കമിട്ടു. മെസ്സിയെ പോലെയുള്ള താരങ്ങള്‍ ക്ലബ്ബ് വിട്ടാലും ബാഴ്‌സയുടെ പേര് എക്കാലവും നിലനിര്‍ത്താന്‍ പറ്റിയ താരങ്ങളെയാണ് ബാഴ്‌സ വിലക്കെടുക്കാന്‍ പോവുന്നത്. മെസ്സിയുടെ മികവിലാണ് ബാഴ്‌സ സ്പാനിഷ് ലീഗ് അടക്കമുള്ള ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുന്നത്. മെസ്സിയില്ലാതെയിറങ്ങുന്ന പല മല്‍സരത്തിലും ബാഴ്‌സ തോല്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. മെസ്സിയെന്ന ഒറ്റയാന്‍ ഇല്ലാതെ ബാഴ്‌സയ്ക്കായി ഏത് ചാംപ്യന്‍ഷിപ്പിനും ഇറക്കാന്‍ കഴിയുന്ന ഒരു ടീമാണ് ബാഴ്‌സലോണ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലക്ഷ്യം. കൂടാതെ നീണ്ടകാലം ക്ലബ്ബിനോടൊപ്പം നില്‍ക്കുന്ന യുവതാരങ്ങളെയും ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്.

നിലവില്‍ 10 താരങ്ങളെയാണ് ബാഴ്‌സ ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് ഇറക്കുന്നത്. ഇതില്‍ മികച്ച ഫോമിലുള്ള താരങ്ങളുമുണ്ടെന്നതാണ് പ്രത്യേകത. ബ്രസീല്‍ താരവും മുന്‍ ലിവര്‍പൂള്‍ താരവുമായ ഫിലിപ്പേ കുട്ടീഞ്ഞോയാണ് ബാഴ്‌സയുടെ കൈമാറ്റ കച്ചവടത്തിലെ പ്രമുഖന്‍. 86 മില്ല്യണ്‍ യൂറോയ്ക്കാണ് കുട്ടീഞ്ഞോയെ കൈമാറ്റം ചെയ്യുന്നത്. കൂട്ടീഞ്ഞോയ്ക്ക് പകരമായി ബാഴ്‌സ നോട്ടമിട്ടിരിക്കുന്നത് അയാകസ് ഡിഫന്‍ഡര്‍ മത്തായിസ് ഡി ലിറ്റിനെയാണ്. സാമുവല്‍ ഉമറ്റിറ്റെയാണ് ബാഴ്‌സ ഒഴിവാക്കുന്ന മറ്റൊരു താരം. പരിക്കുമൂലം ഉമറ്റിറ്റെ സീസണിന്റെ പകുതി ഭാഗവും പുറത്തായിരുന്നു. മറ്റൊരു താരമായ മാല്‍ക്കോമിനെ 36 മില്ല്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സ പുറത്താക്കുന്നത്. ടീമില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച ഇവാന്‍ റാക്ക്റ്റിച്ചിനെയും ബാഴ്‌സയുടെ പുറത്താക്കുന്നവരുടെ ലിസ്റ്റിലൂണ്ട്. റാക്ക്റ്റിച്ചിന്റെ കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്. എന്നാല്‍ കരാര്‍ പുതുക്കാന്‍ ബാഴ്‌സ തയ്യാറായിട്ടില്ല. ട്രാന്‍സ്ഫര്‍ വിപണിയില്‍ റാക്ക്റ്റിച്ചിനായി ഒരു ക്ലബ്ബും ഇതുവരെ രംഗത്തുവന്നിട്ടില്ല. 30 മില്ല്യണ്‍ യൂറോയാണ് റാക്ക്റ്റിച്ചിന്റെ മാര്‍ക്കറ്റ് മൂല്യം. ലോണടിസ്ഥാനത്തില്‍ വാങ്ങിയ കെവിന്‍ പ്രിന്‍സ് ബോട്ടങ്, ജെയ്‌സണ്‍ മുറിലോ എന്നിവര്‍ തങ്ങളുടെ പഴയ ക്ലബ്ബുകളിലേക്ക് തിരിച്ചുപോവും . ഇരുവരുടെയും കരാര്‍ പുതുക്കാന്‍ ബാഴ്‌സ തയ്യാറായിട്ടില്ല. കരാര്‍ അവസാനിച്ച മുന്‍ ആഴ്‌സണല്‍ താരം തോമസ് വെര്‍മേലന്‍സിന്റെ കരാര്‍ പുതുക്കാനും ബാഴ്‌സ ഒരുക്കമല്ല. ഗോള്‍ കീപ്പര്‍ ജാസ്പര്‍ സിലിസെന്‍, റാഫിന്‍ഹാ, ഡെന്നിസ് സുവാരസ് എന്നിവരും ബാഴ്‌സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചവരാണ്. പുറത്താവുന്ന 10 ഓളം താരങ്ങള്‍ക്ക് പകരമായി മികച്ച താരങ്ങളെ തന്നെയാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്.




Next Story

RELATED STORIES

Share it