Football

ബ്ലാസ്റ്റേഴ്സിന് വിജയത്തിന് തുല്യമായ സമനില ; ആവേശപ്പോരില്‍ ഒഡീഷയെ തളച്ചത് 4-4 ന്

ഇരു ടീമുകളും നാലു ഗോളടിച്ചു. അവസാന മിനിട്ടുകളില്‍ രണ്ട് ഗോള്‍ നേടിയ ഒഗ്ബെച്ചെയുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് സമനില നല്‍കിയത്. രണ്ടും പെനല്‍റ്റി ഗോളായിരുന്നു. ഒരെണ്ണം റാഫേല്‍ മെസി ബൗളി നേടിയപ്പോള്‍. മറ്റൊരെണ്ണം ഒഡിഷ ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളായിരുന്നു. ഒഡിഷയ്ക്കായി മാനുവേല്‍ ഒന്‍വു ഹാട്രിക്കടിച്ചു. ഒരു ഗോള്‍ പെരെസ് ഗുയെദെസും. 2-4ന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയതുല്യമായ സമനില നേടിയത്. 15 ഗോളുകളുമായി എടികെയുടെ റോയ് കൃഷ്ണയെ (14) മറികടന്ന് ഒഗ്ബച്ചെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമനായി. 18 മല്‍സരങ്ങളും പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 19 പോയിന്റുകള്‍ നേടി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

ബ്ലാസ്റ്റേഴ്സിന് വിജയത്തിന് തുല്യമായ സമനില ; ആവേശപ്പോരില്‍ ഒഡീഷയെ തളച്ചത്  4-4 ന്
X

ഭുവനേശ്വര്‍: നായകന്‍ ബര്‍തലോമിയോ ഒഗ്ബെച്ചെയുടെ ഇരട്ട ഗോള്‍ മികവില്‍ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിലെ ഈ സീസണിലെ അവസാന മല്‍സരത്തില്‍ കരുത്തരായ ഒഡീഷ എഫ്സിയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും നാലു ഗോളടിച്ചു. അവസാന മിനിട്ടുകളില്‍ രണ്ട് ഗോള്‍ നേടിയ ഒഗ്ബെച്ചെയുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് സമനില നല്‍കിയത്. രണ്ടും പെനല്‍റ്റി ഗോളായിരുന്നു. ഒരെണ്ണം റാഫേല്‍ മെസി ബൗളി നേടിയപ്പോള്‍. മറ്റൊരെണ്ണം ഒഡിഷ ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളായിരുന്നു. ഒഡിഷയ്ക്കായി മാനുവേല്‍ ഒന്‍വു ഹാട്രിക്കടിച്ചു. ഒരു ഗോള്‍ പെരെസ് ഗുയെദെസും.

2-4ന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയതുല്യമായ സമനില നേടിയത്. 15 ഗോളുകളുമായി എടികെയുടെ റോയ് കൃഷ്ണയെ (14) മറികടന്ന് ഒഗ്ബച്ചെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമനായി. 18 മല്‍സരങ്ങളും പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 19 പോയിന്റുകള്‍ നേടി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സീസണില്‍ ആകെ ജയം നാല്. ഏഴു വീതം സമനിലയും തോല്‍വികളും. മറ്റു സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഗോളുകള്‍ (29) നേടാനായത് ബ്ലാസ്റ്റേഴ്സിന് നേട്ടമായി. നേരത്തേ പ്ലേഓഫ് ഉറപ്പാക്കിയ എടികെ, ബംഗളൂരു എഫ്‌സി എന്നീ ടീമുകളെ തോല്‍പ്പിക്കാനും മഞ്ഞപ്പടക്ക് കഴിഞ്ഞു.


അവസാന മല്‍സരത്തില്‍ ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്ബെച്ചെയും റാഫേല്‍ മെസി ബൗളിയെയും മുന്നേറ്റ നിരയില്‍ അണി നിരത്തിയാണ് കോച്ച് എല്‍കോ ഷട്ടോരി ബ്ലാസറ്റേഴ്‌സിനെ കളത്തിലിറക്കിയത്. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, മുഹമ്മദ് നിങ്, ഹാളീചരണ്‍ നര്‍സാറി സഖ്യം. ജെസെല്‍ കര്‍ണെയ്റോ, ജിയാന്നി സുയ്വെര്‍ലൂണ്‍, വല്‍ട്കോ ഡ്രൊബറോവ്, ലാല്‍റുവാത്താറ, രാജു ഗെയ്ക്ക്വാദ് എന്നിവര്‍ പ്രതിരോധത്തില്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ബിലാല്‍ ഖാന്‍ തന്നെ. ഒഡിഷയുടെ മുന്നേറ്റ നിരയെ മാനുവേല്‍ ഒന്‍വുവും ഡാനിയേല്‍ ലാലിംപുയയും നയിച്ചു. മധ്യനിരയില്‍ നന്ദകുമാര്‍ ശേഖര്‍, ജെറി മാവിമിംഗതംഗ, മാര്‍ടിന്‍ പെരെസ് ഗുയെദെസ്, മാര്‍കോസ് ടെബെര്‍, വിനിത് റായ് എന്നിവര്‍ അണിനിരന്നു. ശുഭം സാരംഗി, കാര്‍ലോസ് ഡെല്‍ഗാഡോ, നാരായണ്‍ ദാസ് എന്നിവര്‍ പ്രതിരോധത്തില്‍ കളിച്ചു. ഫ്രാന്‍സിസ്‌കോ ഡൊറൊന്‍സോറാ ഗോള്‍വലയ്ക്ക് മുന്നിലെത്തി.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. ഒന്‍വു ആയിരുന്നു ഗോള്‍ നേടിയത്.ജെറിയാണ് അവസരമൊരുക്കിയത്.(1-0). ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി ഉടന്‍വന്നു. ഏഴാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ മുന്നേറ്റം. ഇടതുപാര്‍ശ്വത്തില്‍ മെസി ബൗളിക്ക് പന്ത് നല്‍കി. മെസി ഇടതുമൂലയില്‍നിന്ന് ബോക്സിലേക്ക് തകര്‍പ്പന്‍ ക്രോസ് പായിച്ചു. സഹലിനെ ലക്ഷ്യമിട്ടായിരുന്നു ക്രോസ്. അപകടമൊഴിവാക്കാനായി ഒഡിഷ ഡിഫന്‍ഡര്‍ നാരായണ്‍ ദാസ് കാല്‍വച്ചു. പന്ത് സ്വന്തം വലയില്‍ കുരുങ്ങി.(1-1). ഒമ്പതാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് സുയ്വെര്‍ലൂണ്‍ കനത്ത ഷോട്ട് പായിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നുള്ള മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് കളി നിയന്ത്രിച്ചു. ഒഡിഷ പ്രതിരോധത്തെ പരീക്ഷിക്കാന്‍ തുടങ്ങി. ബോക്സിന് പുറത്തുനിന്ന് ഒഗ്ബെച്ചെ തൊടുത്ത തകര്‍പ്പനടി ഒഡിഷ ഗോള്‍ കീപ്പര്‍ ഡൊറൊന്‍സോറായുടെ വിരലുകളില്‍ തട്ടി പുറത്തുപോകുകയായിരുന്നു.


ഇരുപതാം മിനിറ്റില്‍ ഹാളീചരണ്‍ നര്‍സാറിയുടെ ബോക്സിലേക്കുള്ള ക്രോസ് ഒഡിഷ ഡിഫന്‍ഡര്‍ ശുഭം സാരംഗി ഇടപെട്ട് തടഞ്ഞു. ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല ഒഡിഷയ്ക്ക്. ഇരുപത്തെട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. മെസി ബൗളിയുടെ ഒന്നാന്തരം ഫിനിഷിങ്. കര്‍ണെയ്റോയുടെ അതിനൊത്ത അസിസ്റ്റും. സുയ്വെര്‍ലൂണില്‍നിന്നായിരുന്നു തുടക്കം. കര്‍ണെയ്റോയ്ക്ക് സുയ്വെര്‍ലൂണ്‍ പന്ത് നല്‍കി. ഇടതുപാര്‍ശ്വത്തില്‍നിന്ന് കര്‍ണെയ്റോയുടെ അളന്നുമുറിച്ച ലോങ് ക്രോസ് ഒഡിഷ ബോക്സിലേക്ക് പറന്നു. ഒഗ്ബെച്ചെയും മെസി ബൗളിയും കാത്തുനിന്നു. ഒഗ്ബെച്ചെ ഡിഫന്‍ഡര്‍മാരുടെ ഇടയില്‍പ്പെട്ടപ്പോള്‍ മെസി അരികത്ത് സ്വതന്ത്രനായി നിന്നു. പന്ത് കാലില്‍ ഏറ്റുവാങ്ങി നിയന്ത്രിച്ച് തകര്‍പ്പന്‍ ഷോട്ട്. ഡൊറോന്‍സോറയ്ക്ക് തടയാനായില്ല.ഒഡീഷയുടെ വല കുലുങ്ങി(1-2).

എട്ട് മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്സിനെ ഒന്‍വുവിന്റെ ഫ്രീകിക്ക് വീഴ്ത്തി. നേരിട്ട് വലയില്‍ കയറുകയായിരുന്നു. ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ കൃത്യമായി ചാടിയെങ്കിലും പന്ത് പിടിയിലൊതുക്കാനായില്ല(2-2). 42ാം മിനുട്ടില്‍ ഡാനിയേലിന്റെ ലോങ് റേഞ്ചര്‍ ബിലാല്‍ ഖാന്‍ തട്ടിയകറ്റി. പക്ഷേ, ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് ലീഡ് വഴങ്ങി. ഒന്‍വുവിനെ രാജു ബോക്സില്‍ വീഴ്ത്തിയതിന് പെനല്‍റ്റി. പെരെസ് എടുത്ത പെനല്‍റ്റികിക്ക് തടയാന്‍ ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന് കഴിഞ്ഞില്ല(3-2). ആദ്യപകുതിയുടെ അധിക സമയത്ത് നര്‍സാറിയെ പിന്‍വലിച്ച് കോച്ച് ഷട്ടോരി കെപി രാഹുലിനെ ഇറക്കി.രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോള്‍ വഴങ്ങി.


ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ ബോക്സിന് പുറത്തുള്ള പന്ത് പിടിച്ചതിന് ഒഡിഷയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. ഒന്‍വുവിന്റെ കിക്ക് വലയിലെത്തി(4-2) 66ാം മിനുട്ടില്‍ രാഹുലിന്റെ ഇടതുമൂലയില്‍നിന്നുള്ള ക്രോസ് ഗോളിന് അരികെയെത്തിയതാണ്. മെസി ബൗളിക്ക് പന്ത് കിട്ടുംമുമ്പ് ഡൊറോന്‍സോറ പന്ത് പിടിച്ചെടുത്തു. 81ാം മിനിറ്റില്‍ ഒഗ്ബെച്ചെയെ ശുഭം സാരംഗി വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനല്‍റ്റി. ഒഗ്ബെച്ചെയ്ക്ക് ലക്ഷ്യം തെറ്റിയില്ല.(3-4). സീസണില്‍ 14 ഗോളും തികച്ചു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍. അവസാന മിനിട്ടുകളില്‍ സമനില ഗോളിനായി ആഞ്ഞുശ്രമിച്ച ബ്ലാസ്റ്റേഴ്സിന് അര്‍ഹിച്ച സമനില കിട്ടി. ഒഗ്ബെച്ചെയെ ഗോള്‍ കീപ്പര്‍ ഡൊറോന്‍സോറ വീഴ്ത്തി. വീണ്ടും പെനല്‍റ്റി. ഒഗ്ബെച്ചെ ഒരിക്കല്‍ക്കൂടി വലകുലുക്കി(4-4) ആവേശ സമനിലയോടെ ബ്ലാസ്റ്റേഴ്സ് സീസണ്‍ അവസാനിപ്പിച്ചു മടങ്ങി.

Next Story

RELATED STORIES

Share it