Football

ഐഎസ് എല്‍: പ്രതിരോധനിര ശക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; നിഷു കുമാര്‍ ടീമില്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കന് പകരമായിട്ടാണ് ബംഗ്‌ളുരു എഫ് സിയില്‍ നിന്നും നിഷുകുമാറിനെ ടീമിലെത്തിച്ചിരിക്കുന്നത്.നാല് വര്‍ഷത്തേക്കാണ് നിഷു കുമാറുമായുള്ള കരാര്‍

ഐഎസ് എല്‍: പ്രതിരോധനിര ശക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; നിഷു കുമാര്‍ ടീമില്‍
X

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ശക്തമാക്കി. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ശക്തമാകുമെന്ന്് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കന് പകരമായിട്ടാണ് ബംഗ്‌ളുരു എഫ് സിയില്‍ നിന്നും നിഷുകുമാറിനെ ടീമിലെത്തിച്ചിരിക്കുന്നത്.നാല് വര്‍ഷത്തേക്കാണ് നിഷു കുമാറുമായുള്ള കരാര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ 22 കാരനായ ഈ ചെറുപ്പക്കാരന്‍ 11-ാം വയസ്സില്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയിലാണ് തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്.

2011 ല്‍ അദ്ദേഹത്തെ എഐഎഫ്എഫ് എലൈറ്റ് അക്കാദമി തിരഞ്ഞെടുത്തു, അവിടെ 4 വര്‍ഷം പരിശീലനം നേടി. 2015ല്‍ ബെംഗളൂരു എഫ്സിയുമായി കരാറൊപ്പിട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 2015ല്‍ ബിഎഫ്സിയിലെത്തിയ നിഷു കുമാര്‍ ക്ലബ്ബിനായി 70 ല്‍ അധികം മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞു. 2018-19 ല്‍ ബെംഗളൂരു എഫ്സി ഐഎസ്എല്‍ കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ബിഎഫ്സി പ്രതിരോധത്തില്‍ നിഷു കുമാര്‍ സുപ്രധാന പങ്കുവഹിച്ചു. കൂടാതെ ഓരോ സീസണിലും ഒരു ഗോള്‍ നേടുകയും ശരാശരി 70ശതമാനം പാസ് കൃത്യത നിലനിര്‍ത്തുകയും ചെയ്തു.വൈവിധ്യമാര്‍ന്ന ഫുള്‍ ബാക്കായ നിഷു അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍ തലങ്ങളില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ഥിരതയാര്‍ന്നതും അതിശയകരവുമായ പ്രകടനങ്ങളിലൂടെ 2018 ല്‍ അദ്ദേഹം സീനിയര്‍ ടീമിലെത്തി. ജോര്‍ദാനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ഒരു ഗോളും നേടി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമായിക്കൊണ്ട് ഈ ഫുട്ബോള്‍ യാത്രയില്‍ താന്‍ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് നിഷുകുമാര്‍ പറഞ്ഞു.ക്ലബിനായി താന്‍ പരമാവധി കഴിവും നല്‍കും.ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ക്ലബിന്റെ എക്കാലത്തെയും അഭിമാനവും, ഹൃദയത്തുടിപ്പുമായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും നിഷു കുമാര്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നതിന് നിഷുവിനെ അഭിനന്ദിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. 'അദ്ദേഹത്തിന്റെ ഗുണനിലവാരവും പരിശ്രമവും കൊണ്ട് ടീമിന്റെ മൂല്യം വര്‍ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തെ ബ്ലാസ്‌റ്റോഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it