Latest News

ഇറച്ചിയും മീനും തിന്നണോ? ബിജെപിക്ക് വോട്ട് ചെയ്യരുത്; മമത ബാനര്‍ജി

ഇറച്ചിയും മീനും തിന്നണോ? ബിജെപിക്ക് വോട്ട് ചെയ്യരുത്; മമത ബാനര്‍ജി
X

കൊല്‍ക്കത്ത: ഇറച്ചിയും മീനും തിന്നണമെങ്കില്‍ ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മല്‍സ്യ, മാംസ ഭക്ഷണം അനുവദിക്കുന്നില്ല. ബിജെപി അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് ഇറച്ചിയോ മീനോ കഴിക്കാനാകില്ല. ബിജെപി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണ രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പുരുളിയ ജില്ലയിലെ മാന്‍ബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മമതയുടെ പരാമര്‍ശം.

ബിജെപി നിലപാടുകള്‍ ഏകപക്ഷീയമാണ്. അവര്‍ കലാപങ്ങള്‍ക്ക് പ്രേരിപ്പിച്ചും, ആളുകളെ കൊലപ്പെടുത്തിയുമാണ് അധികാരത്തിലെത്തിയത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബിജെപി പലയിടത്തും കലാപം ആസൂത്രണം ചെയ്താണ് അധികാരത്തില്‍ വരുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു. പ്രോട്ടീന്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്കെന്ത് അധികാരമെന്നും മമത ചോദിച്ചു. ഗോത്രവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമര്‍ത്തുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ 'ലക്ഷ്മി ഭണ്ഡാര്‍' ബിജെപി അധികാരത്തിലെത്തിയാല്‍ നിര്‍ത്തലാക്കുമെന്നും മമത ബാനര്‍ജി ആരോപിച്ചു. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, സംഗീതോപകരണങ്ങള്‍ വായിക്കുന്നതില്‍ പോലും നിയന്ത്രണം കൊണ്ടുവരുമോ എന്ന് മമത പ്രസംഗത്തില്‍ ചോദിച്ചു. ഡ്രംസ്, ഹാര്‍മോണിയം, ഗിറ്റാര്‍, സിത്താര്‍ എന്നിവയില്‍ ഏതെല്ലാമെന്ന് നിങ്ങള്‍ തീരുമാനിക്കുമോ എന്നാണ് ചോദ്യം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍)ത്തിലൂടെ 1.2 കോടി വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും മമത വിമര്‍ശിച്ചു. അതിനിടെ ബംഗാളില്‍ 284 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റയ്ക്ക് എല്ലാ സീറ്റിലും മല്‍സരിക്കുന്നത്. രണ്ടുഘട്ടമായാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നുമാണ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it