Football

ലയണല്‍ മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഹൈദരാബാദും വേദി

ലയണല്‍ മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഹൈദരാബാദും വേദി
X

ഹൈദരാബാദ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഡിസംബറിലെ ഇന്ത്യന്‍ പര്യടനത്തില്‍ ഹൈദരാബാദും വേദിയാകും. 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' പരിപാടിയില്‍ അഹമ്മദാബാദിനു പകരം ഹൈദരാബാദിനെ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മെസ്സിയുടെ സന്ദര്‍ശനം സമൂഹമാധ്യമമായ എക്സിലൂടെ പ്രഖ്യാപിച്ചു. 'ലയണല്‍ മെസ്സിയെ തെലങ്കാന സ്വാഗതം ചെയ്യുന്നു! 'തെലങ്കാന റൈസിങ് 2047' വിഷന്‍ ഭാഗമായി മെസ്സി ഈ ഡിസംബറില്‍ ഹൈദരാബാദില്‍ എത്തുന്നുവെന്നാണ് രേവന്ത് റെഡ്ഡി കുറിച്ചത്.

പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍, സംഘാടകന്‍ സതാദ്രു ദത്തയും ഗോട്ട് ടൂര്‍ പ്രതിനിധി സംഘവും മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. യോഗത്തില്‍, മുഖ്യമന്ത്രി ഔദ്യോഗിക ടൂര്‍ പോസ്റ്റര്‍ അനാച്ഛാദനം ചെയ്യുകയും മെസ്സിയുടെ ടീം ഒപ്പിട്ട ഫുട്‌ബോള്‍ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ആഗോള പ്രതിച്ഛായയും സുസ്ഥിര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്ന ഒരു സംരംഭമായ 'തെലങ്കാന റൈസിംഗ് 2047' ന്റെ ആഗോള അംബാസഡറാകാന്‍ മെസ്സിയെ ക്ഷണിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹൈദരാബാദ് ആദ്യം ടൂര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ നടക്കാനിരുന്ന അര്‍ജന്റീനയുടെ സൗഹൃദ മത്സരം റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം കണക്കിലെടുത്താണ് ഹൈദരാബാദിനെ ഉള്‍പ്പെടുത്തിയത്. ഡിസംബര്‍ 12ന് രാത്രി മയാമിയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന മെസ്സി 13ന് രാവിലെ കൊല്‍ക്കത്തയിലും വൈകിട്ട് ഹൈദരാബാദിലും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.

14ന് മുംബൈയിലും 15ന് ന്യൂഡല്‍ഹിയിലുമായി അവസാനിക്കുന്ന പര്യടനത്തിനിടെ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന വിവരം മെസ്സി നേരത്തെ തന്റെ സമൂഹമാധ്യമ പേജുകള്‍ വഴി ഔദ്യോഗികമായി അറിയിച്ചിരുന്നു. 2011 സെപ്റ്റംബറില്‍ കൊല്‍ക്കത്തയിലെ സോള്‍ട്ട്ലേക് സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന വെനസ്വേല സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കാനാണ് മെസി മുമ്പ് ഇന്ത്യയിലെത്തിയത്.



Next Story

RELATED STORIES

Share it