Football

ചാംപ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം

തനിക്ക് ഈ തോല്‍വി പ്രശ്‌നമല്ലെന്നും രണ്ടാം പാദത്തില്‍ തിരിച്ചുവരുമെന്ന് ക്രിസ്റ്റിയുടെ ആംഗ്യഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. വിമര്‍ശകര്‍ക്ക് ഹാട്രിക്ക് നല്‍കിയാണ് ക്രിസ്റ്റി അവരുടെ നാവടച്ചത്. താന്‍ എന്തു ഉദ്ദേശത്തിനാണ് യുവന്റസിലെത്തിയതെന്നും ആ ഉദ്ദേശ പൂര്‍ത്തീകരണത്തിന് തറക്കല്ലിട്ടെന്നും റൊണോ പറഞ്ഞു.

ചാംപ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം
X

ടൂറിന്‍: ചാംപ്യന്‍സ് ലീഗ് എന്ന യുവന്റസിന്റെ് വര്‍ഷങ്ങള്‍ പഴക്കമുള്ള സ്വപ്‌നസാക്ഷല്‍ക്കാരത്തിന് ടീം ഒരു പടികൂടി കയറിയപ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഏല്‍പ്പിക്കേണ്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-2ന് തോല്‍പ്പിച്ചാണ് യുവന്റസ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. 20ത്തിന് ആദ്യ പാദത്തില്‍ പിന്നില്‍നിന്ന ശേഷമാണ് മൂന്ന് ഗോള്‍ തിരിച്ചടിച്ച് യുവന്റസ് ജയം കൈക്കലാക്കിയത്. ക്രിസ്റ്റിയുടെ ഒറ്റയാള്‍ പോരാട്ടമാണ് യുവന്റസിന്റെ ചാംപ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യപാദത്തില്‍ മാഡ്രിഡിനോട് തോറ്റതിന് ഏറെ പഴികേട്ട താരമാണ് റൊണാള്‍ഡോ. ഒരു ഗോള്‍ പോലും നേടാതെയാണ് അന്ന് അടിയറവച്ചത്. സ്‌റ്റേഡിയത്തിലെ കാണികളുടെ പരിഹാസത്തിന് അന്ന് ക്രിസ്റ്റി ഗ്രൗണ്ടില്‍ നിന്ന് തന്നെ ആംഗ്യം ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. കൈ കൊണ്ട് അഞ്ച് എന്ന് ആംഗ്യം കാണിച്ചിരുന്നു. അഞ്ചു തവണ ചാംപ്യന്‍സ് ലീഗ് നേടിയ താരമാണ് താന്‍ എന്നതായിരുന്നു അതിനര്‍ത്ഥം. തനിക്ക് ഈ തോല്‍വി പ്രശ്‌നമല്ലെന്നും രണ്ടാം പാദത്തില്‍ തിരിച്ചുവരുമെന്ന് ക്രിസ്റ്റിയുടെ ആംഗ്യഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. വിമര്‍ശകര്‍ക്ക് ഹാട്രിക്ക് നല്‍കിയാണ് ക്രിസ്റ്റി അവരുടെ നാവടച്ചത്. താന്‍ എന്തു ഉദ്ദേശത്തിനാണ് യുവന്റസിലെത്തിയതെന്നും ആ ഉദ്ദേശ പൂര്‍ത്തീകരണത്തിന് തറക്കല്ലിട്ടെന്നും റൊണോ പറഞ്ഞു.

890 കോടി രൂപ നല്‍കിയാണ് യുവന്റസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡില്‍ നിന്നും വിലക്കെടുത്തത്. ക്ലബ്ബിന്റെ ആവശ്യം ഒന്നായിരുന്നു.ഏതു വിധേനെയും ചാംപ്യന്‍സ് ലീഗ് കിരീടം ഇറ്റലിയില്‍ എത്തിക്കുക. 1996ലാണ് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് അവസാനമായി ചാംപ്യന്‍സ് ലീഗ് കിരീടം നേടിയത്. തുടര്‍ന്ന് 2015ലും 2017ലും ടീം ഫൈനലില്‍ എത്തിയെങ്കിലും കിരീടം കൈവിടുകയായിരുന്നു. 23 കൊല്ലമായി ചാംപ്യന്‍സ് ലീഗ് സ്വപ്‌നം നെഞ്ചിലേറ്റി നടക്കുകയാണ് യുവന്റ്‌സ്. അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡ് ക്ലബ്ബിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന കപ്പിത്താനെ ഏതു വിധേനയും ഇറ്റലിയിലേക്കെത്തിക്കുക എന്നതായിരുന്നു യുവന്റസിന്റെ ലക്ഷ്യം. ഏറെ ബുദ്ധിമുട്ടില്ലാതെ ക്രിസ്റ്റി യുവന്റസിലെത്തി. തുടര്‍ന്ന് മികച്ച ഫോമില്‍ ഇപ്പോള്‍ ക്വാര്‍ട്ടറിലുമെത്തി. ചാംപ്യന്‍സ് ലീഗില്‍ സ്ഥിരമായുള്ള ക്രിസ്റ്റിയുടെ പ്രകടനം കാണാത്തതിനാല്‍ ആരാധകര്‍ വിഷമത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഹാട്രിക്ക് നേട്ടത്തോടെ ആ വിമര്‍ശനവും താരം മായ്ച്ചു കളഞ്ഞു.

കഴിഞ്ഞ ദിവസത്തെ മല്‍സരത്തിന് മുമ്പ് താന്‍ ഹാട്രിക്ക് നേടുമെന്ന റൊണാള്‍ഡോ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഫുട്‌ബോള്‍ മാന്ത്രികന്റെ പ്രവചനം ആ കാലുകളിലൂടെ തന്നെ സത്യമാവുകയായിരുന്നു.

Next Story

RELATED STORIES

Share it