Cricket

ലോകകപ്പ്; നെതര്‍ലന്‍സിനെ തകര്‍ത്ത് സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാന്‍

ലോകകപ്പ്;  നെതര്‍ലന്‍സിനെ തകര്‍ത്ത് സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാന്‍
X
ലഖ്‌നൗ: ലോകകപ്പില്‍ നെതര്‍ലന്‍ഡിസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്താന്‍. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന്‍ മറികടന്നു. ഈ ലോകകപ്പില്‍ അഫ്ഗാന്റെ നാലാം ജയമാണിത്. ഇതോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ടീം അഞ്ചാം സ്ഥാനത്തെത്തി. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ന്യൂസീലന്‍ഡിന് പിന്നിലാണ് അഫ്ഗാന്‍. സെമി പ്രതീക്ഷ നിലനിര്‍ത്താനും ടീമിനായി.

റഹ്‌മത്ത് ഷാ, ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ജയം എളുപ്പമാക്കിയത്. റഹ്‌മാനുള്ള ഗുര്‍ബാസ് (10), ഇബ്രാഹിം സദ്രാന്‍ (20) എന്നിവരെ നഷ്ടമായ ശേഷമായിരുന്നു റഹ്‌മത്ത് ഷാ - ഷാഹിദി കൂട്ടുകെട്ട് ടീമിന്റെ ജയമുറപ്പിച്ചത്. മൂന്നാം വിക്കറ്റില്‍ 74 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 54 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ഷാ പുറത്തായെങ്കിലും അസ്മത്തുള്ള ഒമര്‍സായിയെ കൂട്ടുപിടിച്ച് ഷാഹിദി ടീമിനെ വിജത്തിലെത്തിച്ചു.

64 പന്തില്‍ നിന്ന് 56 റണ്‍സുമായി പുറത്താകാതെ നിന്ന ഷാഹിദിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഒമര്‍സായ് 28 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.നേരത്തേ നാല് പ്രധാന വിക്കറ്റുകള്‍ റണ്ണൗട്ടിലൂടെ നഷ്ടമായ നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സിന് പുറത്തായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡച്ച് ടീമിന് ആദ്യ ഓവറില്‍ തന്നെ വെസ്ലി ബാരെസിയെ (1) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് ചേര്‍ത്ത മാക്‌സ് ഓഡൗഡ് - കോളിന്‍ ആക്കെര്‍മാന്‍ സഖ്യം ടീമിനെ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് റണ്ണൗട്ടിന്റെ രൂപത്തില്‍ ആദ്യ തിരിച്ചടിയെത്തുന്നത്. 40 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഓഡൗഡ് റണ്ണൗട്ടായി.

20 റണ്‍സ് കൂടി ചേര്‍ത്തതിനു പിന്നാലെ ആക്കെര്‍മാനും റണ്ണൗട്ടിലൂടെ പുറത്ത്. 35 പന്തില്‍ നിന്ന് 29 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (0) ആദ്യപന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ഇക്രാം അലിഖില്‍ റണ്ണൗട്ടാക്കി. തുടര്‍ന്ന് (ബാസ് ഡെ ലീഡ (3), സാഖ്വിബ് സുല്‍ഫിഖര്‍ (3), ലോഗന്‍ വാന്‍ ബീക് (2) എന്നിവരും വന്നപോലെ മടങ്ങി.

പിന്നാലെ 86 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത് ഡച്ച് ടീമിന്റെ ടോപ് സ്‌കോററായ സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റും റണ്ണൗട്ടായതോടെ 200 കടക്കുക എന്ന നെതര്‍ലന്‍ഡ്‌സിന്റെ പ്രതീക്ഷയറ്റു. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.




Next Story

RELATED STORIES

Share it