Cricket

വനിതാ ഏകദിന ലോകകപ്പ് ; തിരുവനന്തപുരത്തെ ഒഴിവാക്കി; പകരം മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം

വനിതാ ഏകദിന ലോകകപ്പ് ; തിരുവനന്തപുരത്തെ ഒഴിവാക്കി; പകരം മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം
X

ദുബായ്: അടുത്ത മാസം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പിന് വേദിയാവമെന്ന കേരളത്തിന്റെ സ്വപ്നം സഫലമായില്ല. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തേണ്ട മല്‍സരങ്ങള്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ മാറ്റിയപ്പോള്‍ പകരം വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുമെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പകരം നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് പകരം വേദിയായി ഐസിസി തെരഞ്ഞെടുത്തത്.

ലീഗ് ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങള്‍ക്കും സെമി ഫൈനലിനും ഫൈനല്‍ മല്‍സരത്തിനും മുംബൈ വേദിയാവും. ടൂര്‍ണമെന്റിന്റെ മറ്റ് വേദികളില്‍ മാറ്റമില്ല. ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന വനിതാ ഏകദിന ലോകകപ്പിന്റെ വേദികള്‍. സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മല്‍സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക.

കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ക്രിക്കറ്റ് അസോസിയേഷന് അനുമതി നിഷേധിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മല്‍സരങ്ങള്‍. 2016 ല്‍ വനിതാ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ആദ്യത്തെ സീനിയര്‍ വനിതാ ടൂര്‍ണമെന്റാണിത്.വനിത ലോകകപ്പില്‍ കന്നി കിരീടം സ്വന്തമാക്കാന്‍ ഉറച്ചാണ് ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന് ഒരുങ്ങുന്നത്. 2005ല്‍ സെമിയിലും 2017ല്‍ ഫൈനലിലലും എത്തിയതാണ് ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മികച്ച നേട്ടം. 2022ല്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപെട്ടുവെങ്കിലും ഇത്തവണ പ്രതീക്ഷകളേറെയാണ്.





Next Story

RELATED STORIES

Share it