Cricket

ട്വന്റി-20 ലോകകപ്പില്‍ സിംബാബ് വെയ്ക്കു പിന്നാലെ ഓസിസിനെ വീഴ്ത്തി ശ്രീലങ്കയും

ട്വന്റി-20 ലോകകപ്പില്‍ സിംബാബ് വെയ്ക്കു പിന്നാലെ ഓസിസിനെ വീഴ്ത്തി ശ്രീലങ്കയും
X

പല്ലേക്കല്ലെ: സിംബാബ്വെയ്ക്കു പിന്നാലെ ട്വന്റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ കീഴടക്കി ശ്രീലങ്കയും. എട്ടു വിക്കറ്റിനാണ് ലങ്ക മുന്‍ ചാംപ്യന്‍മാരെ കെട്ടുകെട്ടിച്ചത്. ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിച്ച ഓസീസ് സ്‌കോര്‍ 181-ല്‍ ഒതുക്കിയ ലങ്ക 18 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജയത്തോടെ മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ആറ് പോയന്റുമായി ശ്രീലങ്ക സൂപ്പര്‍ എട്ടിലെത്തി. രണ്ടാം തോല്‍വിയോടെ ഓസീസിന്റെ സൂപ്പര്‍ എട്ട് സാധ്യത മങ്ങി. നാളെ നടക്കുന്ന മത്സരത്തില്‍ സിംബാബ്വെ, അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഓസീസ് ഔദ്യോഗികമായി ലോകകപ്പില്‍ നിന്ന് പുറത്താകും. മൂന്ന് കളികളില്‍ നിന്നായി ഒരു ജയത്തോടെ രണ്ടു പോയന്റുള്ള ഓസീസ് ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ്. ജയിച്ചാല്‍ ഗ്രൂപ്പില്‍ നിന്ന് ലങ്കയ്ക്കു പിന്നാലെ സിംബാബ്വെ സൂപ്പര്‍ എട്ടിലെത്തും.

പതും നിസ്സങ്കയുടെ തകര്‍പ്പന്‍ സെഞ്ചുറിയും കുശാല്‍ മെന്‍ഡിസിന്റെ അര്‍ധ സെഞ്ചുറി പ്രകടനവുമാണ് ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 52 പന്തില്‍ നിന്ന് അഞ്ചു സിക്സും 10 ഫോറുമടക്കം 100* റണ്‍സോടെ പുറത്താകാതെ നിന്ന നിസ്സങ്കയാണ് കളിയിലെ താരം. ഇത്തവണത്തെ ലോകകപ്പില്‍ പിറക്കുന്ന ആദ്യ സെഞ്ചുറിയാണിത്. 15 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്ന പവന്‍ രത്നനായകെ, വിജയം വരെ നിസ്സങ്കയ്ക്ക് ഉറച്ച പിന്തുണ നല്‍കി.

രണ്ടാം ഓവറില്‍ തന്നെ കുശാന്‍ പെരേരയെ (1) നഷ്ടമായ ശേഷമായിരുന്നു ലങ്കയുടെ തിരിച്ചുവരവ്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച നിസ്സങ്ക - കുശാല്‍ മെന്‍ഡിസ് സഖ്യം 66 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത് വിജയത്തിന് അടിത്തറയിട്ടു. 38 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത മെന്‍ഡിസ് മടങ്ങിയെങ്കിലും രത്നനായകെയെ കൂട്ടുപിടിച്ച് നിസ്സങ്ക ലങ്കയെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 34 പന്തില്‍ നിന്ന് 79 റണ്‍സടിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 181 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച ശേഷം 200-ന് അപ്പുറമുള്ള സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു ഓസീസിനെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ 181-ല്‍ ഒതുക്കുകയായിരുന്നു. അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ഓസീസിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. 51 പന്തില്‍ നിന്ന് 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഒടുവില്‍ ഒമ്പതാം ഓവറില്‍ ഹെഡിനെ മടക്കി ദുഷാന്‍ ഹേമാന്തയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വെറും 29 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 56 റണ്‍സെടുത്തായിരുന്നു ഹെഡിന്റെ മടക്കം. അതോടെ ഓസീസിന്റെ തകര്‍ച്ചയും തുടങ്ങി.

തൊട്ടടുത്ത ഓവറില്‍ കാമറൂണ്‍ ഗ്രീന്‍ (3) പുറത്ത്. പിന്നാലെ മാര്‍ഷിനെയും ഓസീസിന് നഷ്ടമായി. 27 പന്തില്‍ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 54 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം. ടിം ഡേവിഡും (6), മാര്‍ക്കസ് സ്റ്റോയ്നിസും (4) നിരാശപ്പെടുത്തിയപ്പോള്‍ 27 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസും 22 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലുമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുഷാന്‍ ഹേമാന്തയാണ് ലങ്കയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്.





Next Story

RELATED STORIES

Share it