Cricket

സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചു, ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ച് ബാബര്‍

സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചു, ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ച് ബാബര്‍
X

സിഡ്നി: ബിഗ് ബാഷില്‍ സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചതിന് പിന്നാലെ കലിപ്പനായി ബാബര്‍ അസം. സിഡ്നി തണ്ടറിനെതിരായ മല്‍സരത്തില്‍ സിഡ്നി സിക്സേഴ്സ് താരമായ ബാബറിന് അരിശം മൂത്തത്. മല്‍സരത്തില്‍ സിക്സേഴ്സ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. 41 പന്തില്‍ 100 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ഇന്നിംഗ്സാണ് സിക്സേഴ്സിന് വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ബാബര്‍ അസം (47) സ്മിത്ത് സഖ്യം 141 റണ്‍സ് ചേര്‍ത്തിരുന്നു. 13-ാം ഓവറില്‍ മാത്രമാണ് തണ്ടറിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബാബര്‍, മക്ആന്‍ഡ്രൂവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

എന്നാല്‍ ബാബര്‍ പുറത്താവുന്നതിന് മുമ്പ് മറ്റൊരു സംഭവമുണ്ടായി. 11-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബാബര്‍ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ സ്മിത്ത് വിസമ്മതിച്ചു. ബാബര്‍ ആവട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബര്‍, സ്മിത്തിനോട് ചോദിക്കുന്നുണ്ട്.

പവര്‍ സെര്‍ജ് (രണ്ടാം പവര്‍പ്ലേ) എടുക്കാന്‍ പോകുന്നുവെന്നായിരുന്നു സ്മിത്തിന്റെ മറുപടി. രണ്ട് ഓവര്‍ പവര്‍ സെര്‍ജ് സമയത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കുകയുള്ളു. 12-ാം ഓവര്‍ സ്മിത്ത് ശരിക്കും മുതലാക്കുകയും ചെയ്തു. നാല് സിക്സുകള്‍ ഉള്‍പ്പെടെ 30 റണ്‍സാണ് സ്മിത്ത് അതില്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ബാബറാവട്ടെ നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. പുറത്താകുമ്പോള്‍ നിരാശനായിരുന്നു ബാബര്‍. ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ചാണ് പവലിയനിലേക്ക് കയറി പോയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തണ്ടര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. 65 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിയ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണറാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും തണ്ടര്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 65 പന്തുകള്‍ നേരിട്ട 39കാരന്‍ നാല് സിക്സും 11 ഫോറും നേടി പുറത്താവാതെ നിന്നു. മാത്യൂ ഗില്‍കെസ് (12), സാം കോണ്‍സ്റ്റാസ് (6), സാം ബില്ലിംഗ്സ് (14), നിക്ക് മാഡിന്‍സണ്‍ (26), ക്രിസ് ഗ്രീന്‍ (0), ഡാനിയേല്‍ സാംസ് (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാം കറന്‍ സിക്സേഴ്സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.




Next Story

RELATED STORIES

Share it