Cricket

ഇന്ത്യന്‍ വനിതകള്‍ക്ക് ഏകദിന ലോകകപ്പ് കന്നികിരീടം; ദക്ഷിണാഫ്രിക്കന്‍ കടമ്പയും കടന്ന് അവര്‍ നേടി; ദീപ്തി ശര്‍മ്മയ്ക്ക് അഞ്ചുവിക്കറ്റ്

ഇന്ത്യന്‍ വനിതകള്‍ക്ക് ഏകദിന ലോകകപ്പ് കന്നികിരീടം; ദക്ഷിണാഫ്രിക്കന്‍ കടമ്പയും കടന്ന് അവര്‍ നേടി; ദീപ്തി ശര്‍മ്മയ്ക്ക് അഞ്ചുവിക്കറ്റ്
X

മുംബൈ: 2025 വനിതാ ഏകദിന ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ.ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കന്നിക്കിരീട നേട്ടം. രണ്ട് തവണ ഫൈനലില്‍ കൈവിട്ട കിരീടമാണ് ഇന്ന് ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗറും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ട് വച്ച 299 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 45.3 ഓവറില്‍ 246 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ഒറ്റയ്ക്ക് നിന്ന് സെഞ്ചുറിയുമായി(101) പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്സും ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി. പിന്നാലെ ബ്രിറ്റ്സ് റണ്ണൗട്ടായി മടങ്ങി. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വണ്‍ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ടീം 62-2 എന്ന നിലയിലായി. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ 100 കടന്നു. 25 റണ്‍സെടുത്ത സ്യൂണ്‍ ല്യൂസിനെ ഷഫാലി വര്‍മ മടക്കിതോടെ ടീം 114-3 എന്ന നിലയിലായി. മരിസാന്നെ ക്യാപ്പിനെയും ഷഫാലി പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു.16 റണ്‍സെടുത്ത സിനാലോ ജാഫ്തയെ ദീപ്തി ശര്‍മയും കൂടാരം കയറ്റി.

അനേറേ ഡെര്‍ക്കസന്‍ 35 റണ്‍സെടുത്ത് പൊരുതി നോക്കിയെങ്കിലും ദീപ്തി ശര്‍മ്മ തകര്‍പ്പന്‍ ബൗളിങിലൂടെ പുറത്താക്കി. കോളേ ട്രയോണ്‍ ഒമ്പത് റണ്‍സെടുത്ത് ദീപ്തിയുടെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. നദീനെ ഡീ ക്ലര്‍ക്ക(18)ഉം അയാബോങ്കാ ഖാക്ക ഒരു റണ്ണെടുത്തും പുറത്തായി.അഞ്ചു വിക്കറ്റ് നേടിയ ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും (78 പന്തില്‍ 87) ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് നേരത്തെ കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സ് നേടിയ സ്മൃതി മന്ഥന-ഷെഫാലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയ ജമീമ റോഡ്രിഗസിനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രതീനും ആ തുടക്കം മുതലാക്കാനായില്ല. ഷെഫാലി പുറത്തായതോടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ കൂറ്റനടികളുമായി റിച്ച ഘോഷും ദീപ്തി ശര്‍മയും ഇന്ത്യയ്ക്ക് രക്ഷയായി. ദീപ്തി 58 റണ്‍സ് നേടി അവസാന പന്തില്‍ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖാക്ക 3 വിക്കറ്റ് വീഴ്ത്തി.



Next Story

RELATED STORIES

Share it