ഇന്ത്യ 443/7ന് ഡിക്ലയര്‍ ചെയ്തു; മെല്‍ബണില്‍ വന്‍മതിലുയര്‍ത്തി പൂജാര

ഇന്ത്യയുടെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്ന നീണ്ട ഇന്നിങ്‌സ് കാഴ്ചവച്ച ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 319 പന്തുകള്‍ നേരിട്ട് സമചിത്തതയോടെ ബാറ്റേന്തിയ പൂജാര 10 ബൗണ്ടറികള്‍ സഹിതമാണ് 106 റണ്‍സെടുത്തത്.

ഇന്ത്യ 443/7ന് ഡിക്ലയര്‍ ചെയ്തു;  മെല്‍ബണില്‍ വന്‍മതിലുയര്‍ത്തി പൂജാര

മെല്‍ബണ്‍: പരമ്പരയിലാദ്യമായി ഓപണര്‍മാരും മധ്യനിരയും ഫോമിലെത്തിയ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യ ഏഴിന് 443 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയുടെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്ന നീണ്ട ഇന്നിങ്‌സ് കാഴ്ചവച്ച ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 319 പന്തുകള്‍ നേരിട്ട് സമചിത്തതയോടെ ബാറ്റേന്തിയ പൂജാര 10 ബൗണ്ടറികള്‍ സഹിതമാണ് 106 റണ്‍സെടുത്തത്.

നായകന്‍ വിരാട് കോഹ്്‌ലിയും (82) മനോഹരമായ ഇന്നിങ്‌സാണ് കളിച്ചത്. 204 പന്തുകളെ കോഹ്്‌ലി നേരിട്ടു. രോഹിത് ശര്‍മ (63*) പുറത്താവാതെ നിന്നു. രഹാനെ (34), റിഷഭ് പന്ത് (39) എന്നിവരും തിളങ്ങി. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 215 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഇന്നലെ 228 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചും (3) മാര്‍കസ് ഹാരിസുമാണ് (5) ക്രീസില്‍.

മൂന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെടുത്തിരുന്നു. എന്നാല്‍ ചായയ്ക്ക് ശേഷം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനയെ നഷ്ടമായി. നഥാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രഹാനെ. പിന്നാലെ എത്തിയ ഋഷഭ് പന്തും രോഹിത്തും സൂക്ഷ്മതയോടെയാണ് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയത്. 86 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റണ്‍റേറ്റ് കൂട്ടിനാള്ള ശ്രമത്തില്‍ പന്ത് സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയെ (4) ജോഷ് ഹേസല്‍വുഡ് മടക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

രണ്ടാംദിനം സെഞ്ച്വറി പൂര്‍ത്തിയാക്കിയ പൂജാര മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്നിലാക്കി. 16 സെഞ്ച്വറികളാണ് ഗാംഗുലിയുടെ പേരിലുള്ളത്. പരമ്പരയില്‍ രണ്ടാം തവണയാണ് പൂജാര സെഞ്ച്വറി നേടുന്നത്. കോലി- പൂജാര സഖ്യം 160 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കോലിയെ ഒരിക്കല്‍ കൂടി സ്റ്റാര്‍ക്ക് പുറത്താക്കി.

സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പന്ത് കളിക്കാനുള്ള ശ്രമത്തില്‍ തേര്‍ഡ്മാനില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി. അധികം വൈകാതെ പൂജാരയും മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ പൂജാരയുടെ വിക്കറ്റ് തെറിച്ചു.

ആദ്യ ദിനം മായങ്ക് അഗര്‍വാളിന്റെ (76) ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. ആദ്യ ടെസ്റ്റ് മാത്രം കളിക്കുന്ന കര്‍ണാടകക്കാരന്‍ തുടക്കക്കാരന്റെ പരിഭ്രമമൊന്നുമില്ലാതെയാണ് ബാറ്റേന്തിയത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. ആദ്യമായാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. നാല് ഇന്നിങ്‌സ് കളിച്ചിട്ടും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല.

പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്. ഓസീസ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തി.
shanu

shanu

Our Contributor help bring you the latest article around you


RELATED STORIES

Share it
Top