Cricket

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഐസിസിയുടെ അന്ത്യശാസനം, എല്ലാ നിര്‍ദേശവും തള്ളി; ജനുവരി 21 വരെ സമയം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഐസിസിയുടെ അന്ത്യശാസനം, എല്ലാ നിര്‍ദേശവും തള്ളി; ജനുവരി 21 വരെ സമയം
X

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയിലേക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഐസിസിയുടെ അന്ത്യശാസനം. വിഷയത്തില്‍ തീരുമാനമറിയിക്കാന്‍ ജനുവരി 21 വരെ ഐസിസി സമയം നല്‍കി. അതിനുള്ളില്‍ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തുമോയെന്ന കാര്യം ബിസിബി അറിയിക്കണം. അല്ലാത്തപക്ഷം സ്‌കോട്ട്ലന്‍ഡിനെ പകരം കളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച ധാക്കയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഐസിസി ബിസിബിയെ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കടുംപിടിത്തം തുടരുന്ന പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ നീക്കം. ലോകകപ്പ് അടുത്തിരിക്കെ ഈ നിലപാടുമായി മുന്നോട്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഐസിസിയുടെ പക്ഷം. പ്രശ്നപരിഹാരത്തിനായി ബംഗ്ലാദേശ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം നേരത്തേ തള്ളിയിരുന്നു. ട്വന്റി-20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചര്‍ച്ചയ്ക്കൊരുങ്ങിയത്. ഇതിന്റെ ഭാഗമായാണ് ഐസിസി സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.

ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബംഗ്ലാദേശ് അടുത്തിടെ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. നിലവില്‍ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ബി ഗ്രൂപ്പിലുള്ള അയര്‍ലന്‍ഡിനെ സി ഗ്രൂപ്പിലേക്കു മാറ്റി തങ്ങളെ ബി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) ആവശ്യപ്പെട്ടു. പ്രാഥമിക റൗണ്ടില്‍ അയര്‍ലന്‍ഡിന്റെ മത്സരങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത് കൊളംബോയിലാണ്.എന്നാല്‍, തങ്ങളുടെ മത്സരവേദിയില്‍ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനല്‍കിയതായി അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു.



Next Story

RELATED STORIES

Share it