Cricket

അരങ്ങേറ്റത്തില്‍ അര്‍ദ്ധസെഞ്ചുറി; ജഡേജയുടെ ആശയക്കുഴപ്പത്തില്‍ പുറത്തായി സര്‍ഫറാസ് ഖാന്‍

അരങ്ങേറ്റത്തില്‍ അര്‍ദ്ധസെഞ്ചുറി; ജഡേജയുടെ ആശയക്കുഴപ്പത്തില്‍ പുറത്തായി സര്‍ഫറാസ് ഖാന്‍
X

രാജ്‌കോട്ട്: ഇന്ത്യയിലെ ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചറിയുമായി തിളങ്ങി യുവതാരം സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 66 പന്തുകളില്‍നിന്ന് 62 റണ്‍സെടുത്താണു താരം പുറത്തായത്. ഒരു സിക്‌സും ഒന്‍പതു ഫോറുകളും ബൗണ്ടറി കടത്തിയ താരം അപ്രതീക്ഷിതമായി റണ്‍ഔട്ടാകുകയായിരുന്നു. 82ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ പുറത്താകല്‍. പന്തു നേരിട്ട രവീന്ദ്ര ജഡേജ സിംഗിളിനായി മുന്നോട്ടുകുതിച്ചെങ്കിലും പെട്ടെന്നു തന്നെ പിന്‍വാങ്ങുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍നിന്ന് മുന്നോട്ട് ഓടിയ സര്‍ഫറാസിന് ഇതോടെ പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ താരം ക്രീസിലെത്തുംമുന്‍പ് മാര്‍ക്വുഡ് റണ്‍ഔട്ടാക്കി.

മികച്ച രീതിയില്‍ ബാറ്റു ചെയ്യുമ്പോഴായിരുന്നു രവീന്ദ്ര ജഡേജയുടെ പിഴവില്‍ സര്‍ഫറാസ് റണ്‍ഔട്ടായത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന രോഹിത് ശര്‍മ തലയിലെ തൊപ്പി വലിച്ചെറിഞ്ഞാണ് ഇതിലുള്ള രോഷം തീര്‍ത്തത്. പുറത്താകലിനു ശേഷം ഡ്രസിങ് റൂമില്‍ നിരാശയോടെ ഇരിക്കുന്ന സര്‍ഫറാസിന്റെ ചിത്രങ്ങളും പുറത്തുവന്നു.

മത്സരത്തിന്റെ ആദ്യ ദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 326 റണ്‍സെടുത്തു. സെഞ്ചറിയുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നില്‍ക്കുന്നു. 212 പന്തുകളില്‍നിന്ന് 110 റണ്‍സാണു ജഡേജ നേടിയത്. രോഹിത് ശര്‍മയും സെഞ്ചറി സ്വന്തമാക്കി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.





Next Story

RELATED STORIES

Share it