Cricket

മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കി; ട്വന്റി-20 ലോകകപ്പില്‍ തങ്ങളുടെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണം: ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കി; ട്വന്റി-20 ലോകകപ്പില്‍ തങ്ങളുടെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണം: ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
X

ധാക്ക: ട്വന്റി-20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). ഐപിഎല്ലില്‍ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബിസിബി സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കുന്നത്.

ശനിയാഴ്ച്ച നടന്ന ബിസിബി ബോര്‍ഡ് ഡയറക്ടര്‍മാരുടെ അടിയന്തര യോഗത്തിനുശേഷം മീഡിയ കമ്മിറ്റി ചെയര്‍മാന്‍ അംജദ് ഹുസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'മുസ്തഫിസുര്‍ റഹ്‌മാനെ വിട്ടയയ്ക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത ടീമിനോട് ആവശ്യപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കുന്നത്. അതിനാല്‍ കളിക്കാരുടെ സുരക്ഷയെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഐസിസിക്ക് കത്തെഴുതും'-അംജദ് ഹുസൈന്‍ വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് അസ്ഫ് നസ്രുലും ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. 'മുഴുവന്‍ കാര്യങ്ങളും ഐസിസിയോട് വിശദീകരിക്കാന്‍ ഞാന്‍ ബിസിബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കരാറുള്ള ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഴുവന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനും ലോകകപ്പില്‍ സുരക്ഷിതമായി കളിക്കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് അറിയിക്കണം. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താന്‍ അഭ്യര്‍ഥിക്കാനും ഞാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.' അസഫ് നസ്രുലിന്റെ കുറിപ്പില്‍ പറയുന്നു. ബംഗ്ലാദേശില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചതായും നസ്രുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ താരലേലത്തില്‍ 9.2 കോടി രൂപ ചെലവഴിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇടങ്കയ്യന്‍ പേസ് ബൗളറായ മുസ്തഫിസുര്‍ റഹ്‌മാനെ ടീമിലെത്തിച്ചത്. എന്നാല്‍, ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ കൊല്‍ക്കത്ത ടീമിനോട് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.





Next Story

RELATED STORIES

Share it