Cricket

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക് ; അഡ്‌ലെയ്ഡില്‍ ഇന്ത്യ തോല്‍ക്കുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക് ; അഡ്‌ലെയ്ഡില്‍ ഇന്ത്യ തോല്‍ക്കുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം
X

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റിന്റെ വിജയം പിടിച്ചാണ് ഓസീസ് പരമ്പര ഉറപ്പിച്ചത്. അഡ്‌ലെയ്ഡില്‍ ഇന്ത്യ ഒരു ഏകദിന മല്‍സരം തോല്‍ക്കുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിനു മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് കണ്ടെത്തി. ഓസീസ് 46.2 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു ലക്ഷ്യത്തിലെത്തി.

അര്‍ധ സെഞ്ച്വറികള്‍ നേടിയ മാത്യു ഷോര്‍ട്ട്, കൂപ്പര്‍ കോണോലി എന്നിവരുടെ മികച്ച ബാറ്റിങാണ് ഓസീസ് ജയം അനായാസമാക്കിയത്. രണ്ട് തവണ ക്യാച്ച് കൈവിട്ട് ഷോര്‍ട്ടിനു കളം വാഴാന്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ അവസരം ഒരുക്കിയതോടെ താരത്തിനു കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്തു.

78 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം മാത്യു ഷോര്‍ട്ട് 74 റണ്‍സെടുത്തു. കോണോലി 53 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാമനായി ക്രീസിലെത്തിയ മിച്ചല്‍ ഓവന്‍ 23 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 36 റണ്‍സെടുത്ത് പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയും ചെയ്തതോടെ ഇന്ത്യന്‍ പതനം പൂര്‍ണമായി.

265 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെയാണ് തുടക്കത്തില്‍ ഓസ്ട്രേലിയക്ക് നഷ്ടമായത്. സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ 11 റണ്‍സുമായി മാര്‍ഷ് മടങ്ങി. വിക്കറ്റ് സ്വന്തമാക്കിയത് അര്‍ഷ്ദീപ് സിങ്. സ്‌കോര്‍ 54ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ആതിഥേയര്‍ക്കു നഷ്ടമായി. ട്രാവിസ് ഹെഡ് (28) ആണ് പുറത്തായത്. ഹെഡിനെ ഹര്‍ഷിത് റാണ പുറത്താക്കി.

മൂന്നാം വിക്കറ്റില്‍ മാറ്റ് റെന്‍ഷോയെ കൂട്ടുപിടിച്ച് മാത്യു ഷോര്‍ട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം പൊളിച്ച് അക്ഷര്‍ പട്ടേലാണ് ഓസീസിന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്. റെന്‍ഷോ 30 റണ്‍സുമായി കൂടാരം കയറി. അലക്സ് കാരി 9 റണ്‍സുമായി ഔട്ടായി. ഇന്ത്യക്കായി ഹര്‍ഷിത് റാണ, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.നേരത്തെ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ചുറികളുടേയും അക്ഷര്‍ പട്ടേല്‍ നേടിയ 44 റണ്‍സിന്റേയും ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. വാലറ്റത്ത് ഹര്‍ഷിത് റാണയും നിര്‍ണായക സംഭാവന നല്‍കി.




Next Story

RELATED STORIES

Share it